ഇസ്രായേല്‍ വിമാനം ഇസ്‌ലാമാബാദില്‍ ഇറങ്ങിയെന്ന് അഭ്യൂഹം; നിഷേധിച്ച് പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇസ്രായേല്‍ സര്‍ക്കാരിന്റെ വിമാനം ഇസ്‌ലാമാബാദില്‍ ഇറങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച് പാകിസ്താന്‍. പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വിമാനം ഇസ്‌ലാമാബാദില്‍ ഇറങ്ങിയെന്നും 10 മണിക്കൂറിനു ശേഷം തിരിച്ചുപോയെന്നുമുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണിത്.
ഇസ്രായേലുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കാന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആരിഫ് അല്‍വി വ്യക്തമാക്കി. ഇസ്രായേല്‍ മാധ്യമ പ്രവര്‍ത്തകനായ അവി ഷര്‍ഫാണ് തലസ്ഥാനമായ ടെല്‍ അവീവില്‍ നിന്നു പുറപ്പെട്ട വിമാനം പാകിസ്താനില്‍ ഇറങ്ങിയെന്നു ട്വീറ്റ് ചെയ്തത്. പാക് മാധ്യമങ്ങളും പ്രതിപക്ഷവും ഇതേക്കുറിച്ചു സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
വിദേശകാര്യമന്ത്രി ഷാ മഹ്മൂദും ഇക്കാര്യം നിഷേധിച്ചു. ഇന്ത്യയുമായോ ഇസ്രായേലുമായോ ഇത്തരത്തിലുള്ള രഹസ്യ ഇടപാടുകള്‍ നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നു പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയും പ്രതികരിച്ചു.
എന്നാല്‍, ചൗധരിയുടെ ഈ പ്രസ്താവന സര്‍ക്കാര്‍ എന്തോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണെന്നു പാകിസ്താന്‍ മുസ്‌ലിംലീഗ് നേതാവ് അഹ്‌സന്‍ ഇഖ്ബാല്‍ ആരോപിച്ചു. എന്നാല്‍, വിഷയം ട്വീറ്റ് ചെയ്ത ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകന്‍ പിന്നീട് വിമാനം പാകിസ്താനില്‍ ഇറങ്ങിയോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നു പ്രതികരിച്ചു.

RELATED STORIES

Share it
Top