ഇസ്രായേല്‍-ഫലസ്തീന്‍ പ്രതിസന്ധി ദ്വിരാഷ്ട്ര പരിഹാരമാണ് ഉചിതം:ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഇസ്രായേല്‍-ഫലസ്തീന്‍ പ്രതിസന്ധിക്കു ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ച് യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. പ്രതിസന്ധി പരിഹരിക്കാന്‍ ദ്വിരാഷ്ട്ര രൂപീകരണമാണ് ഏറ്റവും ഉചിതമെന്നാണു താന്‍ കരുതുന്നതെന്നു യുഎന്‍ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ആദ്യമായാണു ട്രംപ് പൊതുവേദിയില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ അനുകൂലിക്കുന്നത്.
ഇരുരാജ്യങ്ങളും അംഗീകരിക്കുകയാണെങ്കില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുമെന്നായിരുന്നു ട്രംപ് ഭരണകൂടം നേരത്തെ സ്വീകരിച്ച നിലപാട്. എന്തെങ്കിലും സംഭവിക്കുമെന്നാണു താന്‍ കരുതുന്നത്്. എല്ലാ കരാറുകളേക്കാളും കടുത്തതായിരിക്കും ഇതെന്നാണ് അവര്‍ പറയുന്നത്. അധികം വൈകാതെ മറ്റുള്ളവര്‍ക്കു വേണ്ടി ഇസ്രായേല്‍ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടോ, മൂന്നോ ആഴ്ചയ്ക്കകം സമാധാന കരാര്‍ പ്രഖ്യാപിക്കാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ്് വ്യക്തമാക്കി.
എന്നാല്‍ ഭാവിയില്‍ രൂപീകരിക്കപ്പെടുന്ന ഫലസ്തീന്‍ രാഷ്ട്രം പൂര്‍ണമായും സൈനിക മുക്തമായിരിക്കണമെന്നും ഇസ്രായേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കണമെന്നുമാണു നെതന്യാഹുവിന്റെ ആവശ്യം. ഇസ്രായേലിന്റെ ഈ നിലപാടു ഫലസ്തീനില്‍ സമാധാനം പുലരുന്നതിന് എതിരാണെന്നാണ് ഫലസ്തീന്‍ നേതാക്കളുടെ നിലപാട്്. അറബ് രാഷ്ട്രങ്ങളുടെ സഖ്യമാണ് പ്രതിസന്ധിക്കു ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്.
എന്നാല്‍ ട്രംപിന്റെ നിലപാടില്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ അതൃപ്തി അറിയിച്ചു. ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതില്‍ തനിക്കു താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി ജറുസലേമിലേക്കു മാറ്റുകയും ചെയ്ത യുഎസ് ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കു—മെന്ന കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണു ട്രംപ് നിലപാടു വ്യക്തമാക്കിയത്.

RELATED STORIES

Share it
Top