ഇസ്രായേല്‍ നവ നാത്‌സികള്‍ക്ക് ആയുധം നല്‍കുന്നതിനെതിരേ ഹരജി

തെല്‍അവീവ്: ഉക്രെയ്‌നിലെ വലതുപക്ഷ നവ നാത്‌സി സായുധ സംഘങ്ങള്‍ക്ക് നെതന്യാഹു ഭരണകൂടം ആയുധങ്ങള്‍ നല്‍കുന്നത് വിലക്കണമെന്ന് ഇസ്രായേലി ഹൈക്കോടതിയില്‍ ഹരജി. രാജ്യത്തെ 40ലധികം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൂട്ടമായാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഉക്രെയ്ന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അസോവ് അര്‍ധ സൈനിക വിഭാഗത്തിന് ഇസ്രായേല്‍ നല്‍കുന്ന ആയുധങ്ങള്‍ വലതുപക്ഷ വംശീയ സംഘങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നു ഹരജി ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും കടുത്ത യഹൂദവിരോധം പ്രകടിപ്പിക്കുന്ന വലതുപക്ഷ ഭരണകൂടങ്ങള്‍ക്ക് ലിക്കുഡ് ഗവണ്‍മെന്റ് ആയുധസഹായം നല്‍കുന്നതായി ഇസ്രായേലി പ്രതിരോധ വകുപ്പില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ജന്റീനയിലെയും ബൊളീവിയയിലെയും സായുധസംഘങ്ങള്‍ ഇസ്രായേലി നിര്‍മിത ഊസി യന്ത്രത്തോക്കുകളാണ് ഉപയോഗിക്കുന്നത്.
ഉക്രെയ്‌നിലെ അസോവ് സായുധസംഘം നാത്‌സി പ്രതീകങ്ങളാണ് ഉപയോഗിക്കുന്നത്. സംഘത്തിന്റെ മേധാവിയായ ആന്‍ഡ്രീ ബാലെറ്റ്‌സ്‌ക്കി സെമിറ്റിക് വംശജര്‍ (യഹൂദരും അറബികളും) അര്‍ധ മനുഷ്യരാണെന്നു പരസ്യമായി പ്രസംഗിക്കാറുണ്ട്. അതിനനുസരിച്ച് ഉക്രെയ്‌നില്‍ യഹൂദര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായും ഹരജി തുടരുന്നു.രണ്ടാം ലോകമഹായുദ്ധ കാലത്തുണ്ടായ യഹൂദ പീഡനത്തില്‍ ഉക്രെയ്‌നിലെ നാത്‌സികള്‍ സജീവമായി പങ്കെടുത്ത ചരിത്രം ഭരണകൂടം ഇപ്പോള്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുകയാണ്. പീഡനത്തില്‍ ഉക്രെയ്ന്‍ സൈനികര്‍ക്കുള്ള പങ്ക് തള്ളിക്കളയുന്ന ഒരു നിയമം ഈയിടെ ഉക്രെയ്ന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.
നെതന്യാഹുവിന്റെ വലതുപക്ഷ ഭരണകൂടം ഉക്രെയ്‌നിലെ നവ നാത്‌സികളുമായി അടുത്തബന്ധം പുലര്‍ത്തുന്നതിന്റെ തെളിവുകളും ഹരജിക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2012ല്‍ കടുത്ത വംശശുദ്ധിവാദിയായ ഇസ്രായേല്‍ പ്രതിരോധ മന്ത്രിയും അവ്ഗദര്‍ ലീഡര്‍മനും ഉക്രെയ്ന്‍ പ്രധാനമന്ത്രി വഌദിമിര്‍ ഗ്രോയ്‌സാനും തെല്‍അവീവില്‍ വച്ച് ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തിരുന്നു.

RELATED STORIES

Share it
Top