ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ വ്യാപക പ്രതിഷേധം

ഗസ സിറ്റി/ജനീവ/ആങ്കറ: ഗസയിലെ കൊലപാതകങ്ങള്‍ ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍. നിരായുധരായ ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കെതിരേ ഇസ്രായേല്‍ അമിതമായ ആയുധശേഷി ഉപയോഗിക്കുന്നതിനെ യുഎന്‍ വിവേചനവിരുദ്ധ സമിതി അപലപിച്ചു.
മാര്‍ച്ച് 30ന് പ്രക്ഷോഭങ്ങള്‍ ആരംഭിച്ച ശേഷം ഫലസ്തീന്‍കാര്‍ക്ക് നേര്‍ക്കുണ്ടായ ഇസ്രായേലിന്റെ ഏറ്റവും ഭീകരമായ ആക്രമണത്തില്‍ ഇന്നലെ 50ലധികം പേരാണു കൊല്ലപ്പെട്ടത്. യുദ്ധക്കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്ന നടപടികളാണ് ഇസ്രായേല്‍ തുടരുന്നതെന്നും യുഎന്‍ സമിതി വ്യക്തമാക്കി. ഏറ്റുമുട്ടലിനിടെ അല്ലാതെ പ്രക്ഷോഭകരെ ലക്ഷ്യം വച്ച് കൊലപ്പെടുത്തുകയാണ് ഇസ്രായേല്‍. ഒരു പ്രകോപനവും ഭീഷണിയും ഉയര്‍ത്താത്തവരാണ് ആഴ്ചകളായി തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കു നേര്‍ക്കുണ്ടായ ഇസ്രായേല്‍ സേനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവുമെന്നത് അതീവ ആശങ്ക ഉയര്‍ത്തുന്നുവെന്നും സമിതി വ്യക്തമാക്കി.
ഇസ്രായേല്‍ ആക്രമണങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയും സമിതി ഇന്നലെ പുറത്തുവിട്ടു. അധിനിവിഷ്ട ഫലസ്തീന്‍ മേഖലയിലെ മനുഷ്യത്വപരമായ നിയമങ്ങളെ ഇസ്രായേല്‍ ബഹുമാനിക്കണമെന്നും ഗസ മുനമ്പിലെ ഉപരോധം അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
യുഎന്നിനു പുറമെ ലോകരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും ഇസ്രായേല്‍ കൂട്ടക്കൊലയെ അപലപിച്ചു. പ്രക്ഷോഭകരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടി കുറ്റകൃത്യമാണെന്നു ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ സഫാദി പ്രതികരിച്ചു. സംഘര്‍ഷാവസ്ഥ രൂക്ഷമാക്കാനേ ഇസ്രായേലിന്റെ നീക്കങ്ങള്‍ സഹായിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജറുസലേമിലേക്ക് എംബസി മാറ്റുന്നതിനുള്ള യുഎസ് തീരുമാനം ഇസ്രായേലിന്റെ കൂട്ടക്കൊലയ്ക്ക് പ്രോല്‍സാഹനമായെന്നു തുര്‍ക്കി വിദേശകാര്യ മന്ത്രി ബക്കര്‍ ബോസ്ദാഗ് അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളാണ് എംബസി മാറ്റത്തിലൂടെ അവഗണിക്കപ്പെടുന്നത്. എംബസി മാറ്റം സമാധാനത്തിനുള്ള സാധ്യതകള്‍ തകര്‍ത്തു. കൂടുതല്‍ ആള്‍നഷ്ടത്തിലേക്കും ഗസയിലെ നാശനഷ്ടങ്ങളിലേക്കും നയിക്കുന്ന മഹാവിപത്തിനുള്ള വഴിമരുന്നിടുകയാണ് എംബസി മാറ്റമെന്നും ബോസ്ദാഗ് പ്രതികരിച്ചു.
സമാധാനപരമായ പ്രക്ഷോഭത്തിനുള്ള അവകാശത്തെ ഇസ്രായേല്‍ ബഹുമാനിക്കണമെന്നു യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ പ്രതിനിധി ഫെഡറിക മൊഗേര്‍നി ആവശ്യപ്പെട്ടു. സൈനികശക്തി ആനുപാതികമായല്ലാതെ ഉപയോഗിക്കരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗസയിലെ പ്രക്ഷോഭങ്ങള്‍ അഹിംസാപരമായി തന്നെ തുടരണമെന്നു ഹമാസ് നേതാക്കളോട് അഭ്യര്‍ഥിക്കുന്നതായും അവര്‍ വ്യക്തമാക്കി.
ഇസ്രായേലിന്റെ അമിത സൈനിക പ്രയോഗം അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നു മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ അഭിപ്രായപ്പെട്ടു. സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ ഉടന്‍ കടിഞ്ഞാണിടണമെന്നും കൂടുതല്‍ ആള്‍നഷ്ടമുണ്ടാവുന്നതു തടയണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇന്നലെയുണ്ടായ കൊലപാതകങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത്ത് റോഡ് പ്രതികരിച്ചു.

RELATED STORIES

Share it
Top