ഇസ്രായേലുമായുള്ള ആയുധ കരാര്‍ ഇന്ത്യ റദ്ദാക്കി

ജറുസലേം: സ്‌പൈക് ടാങ്ക് വേധ മിസൈല്‍ വികസിപ്പിക്കുന്നതിനുള്ള 500 ദശലക്ഷം ഡോളറിന്റെ കരാര്‍ ഇന്ത്യ റദ്ദാക്കിയതായി ഇസ്രായേലി ആയുധ കമ്പനി റാഫേല്‍ അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയുണ്ടായ തീരുമാനത്തില്‍ കമ്പനി ഖേദം രേഖപ്പെടുത്തി. സ്‌പൈക്ക് കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു ലഭിച്ചതായി റാഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റംസ് വക്താവ് ഇഷായി ഡേവിഡ് പറഞ്ഞു. ലോകമെമ്പാടുമുള്ള 26 രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്ന  സ്‌പൈക്ക്, പ്രതിരോധ ഇടപാട് സംബന്ധമായ എല്ലാ നിബന്ധനകളും പാലിച്ച് സുദീര്‍ഘമായ പ്രക്രിയക്കു ശേഷമാണ് ഇന്ത്യ തിരഞ്ഞെടുത്തത്. കരാര്‍ റദ്ദാക്കിയതിനുള്ള കാരണം കമ്പനി വെളിപ്പെടുത്തിയില്ല. ജനുവരി 14നാണ് നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനവേളയില്‍ ഈ വിഷയവും ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്. പദ്ധതി നടപ്പാക്കുന്നതിനുള്ള റാഫേല്‍ കമ്പനിയുടെ കേന്ദ്രം ഈയിടെ ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യന്‍ പങ്കാളികളുമായി ചേര്‍ന്നു നടത്തുന്ന മറ്റു പല പദ്ധതികള്‍ക്കും കൂടിയുള്ളതാണ് ഈ കേന്ദ്രമെന്ന് റാഫേല്‍ അറിയിച്ചു. ആഭ്യന്തര പ്രതിരോധ വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ പ്രതിരോധ കമ്പനികളുമായി ആയുധ ഇടപാടുകള്‍ നടത്തുമ്പോള്‍  സാങ്കേതികവിദ്യാ കൈമാറ്റത്തിന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഊന്നല്‍ കൊടുക്കുന്നുണ്ട്. എന്നാല്‍, സാങ്കേതികവിദ്യ പൂര്‍ണമായി കൈമാറ്റം ചെയ്യുന്നതിന് ഇസ്രായേല്‍ വിമുഖത കാണിച്ചതായി ഇന്ത്യന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top