ഇസ്രായേലുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തി: ഹമാസ്‌

ജെറുസലേം: ഗസ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇസ്രായേലുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതായി ഹമാസ്. ഫലസ്തീനിയുടെ വെടിയേറ്റ് ഒരു ഇസ്രായേല്‍ സൈനികനും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികളും കൊല്ലപ്പെട്ടതിനു പിന്നാലെയാണു വെടിനിര്‍ത്തല്‍ ധാരണ.
വെള്ളിയാഴ്ച ഹമാസ് നത്തിയ വെടിവയ്പിലാണ്  സൈനികന്‍ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ ഹമാസിന്റെ കേന്ദ്രങ്ങളിലേക്ക് ഇസ്രായേല്‍ സൈന്യം ടാങ്കുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് നടത്തിയ ശക്തമായ ആക്രമണത്തില്‍ മൂന്ന് ഹമാസ് പോരാളികളും ഒരു പലസ്തീന്‍ പൗരനും കൊല്ലപ്പെട്ടു.  120 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുഎന്നും ഈജിപ്തും മുന്‍കൈയെടുത്ത് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
ഇസ്രായേല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടുണ്ടെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം അറിയിച്ചു. വെടിനിര്‍ത്തല്‍ ധാരണ ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഗസ അതിര്‍ത്തി പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുമെന്നു ജനങ്ങള്‍ക്ക് യാതൊരുവിധ മുന്നറിയിപ്പുകളും നല്‍കിയിട്ടില്ലെന്നും സൈനിക വക്താവിനെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. 2014 ഗസ യുദ്ധത്തിനു ശേഷം ആദ്യമായാണ് സൈനികന്‍ കൊല്ലപ്പെടുന്നതെന്നും ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. വ്യോമ, ടാങ്ക് ആക്രമണത്തില്‍ നിരവധി ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ ധാരണയാണിത്്.
70 വര്‍ഷം മുമ്പ് ഇസ്രായേല്‍ രൂപീകരണത്തോടെ ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട അഭയാര്‍ഥികളെ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗസ അതിര്‍ത്തിയില്‍ എല്ലാ വെള്ളിയാഴ്ചയും പ്രക്ഷോഭം നടത്തുകയാണ് ഫലസ്തീനികള്‍. മാര്‍ച്ച് 30ന് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനു നേരെയുള്ള ഇസ്രായേല്‍ വെടിവയ്പില്‍ 140 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 16,000ത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top