ഇസ്രായേലില്‍ നിന്നു സ്വാതന്ത്ര്യം; നടപടി ഉടനെന്ന് പിഎല്‍ഒ

റാമല്ല: ഇസ്രായേലില്‍ നിന്നു സ്വാതന്ത്ര്യം നേടുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ). ഇസ്രായേലിനെതിരേ നടപടി ആവശ്യപ്പെട്ടു യുഎന്നിലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും പരാതി നല്‍കുമെന്നും പിഎല്‍ഒ അറിയിച്ചു. ശനിയാഴ്ച നടന്ന പിഎല്‍ഒ യോഗത്തിനു ശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ രാഷ്ട്രീയ, സാമ്പത്തിക, ഭരണ, സുരക്ഷാ മേഖലകളിലെ അധിനിവേശത്തില്‍ നിന്നു സ്വാതന്ത്ര്യം നേടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. ഇസ്രായേല്‍ രാഷ്ട്രത്തിനുള്ള പിഎല്‍ഒയുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഉന്നത സമിതിയെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഇസ്രായേലിനോടുള്ള നിലപാട് മാറ്റണമെന്ന്, ഫലസ്തീനിലെ പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൂട്ടായ്മയായ പിഎല്‍ഒയില്‍ നേരത്തേ ആവശ്യമുയര്‍—ന്നിരുന്നു. അധിനിവിശ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ റെയ്ഡിനിടെ ഒരു ഫലസ്തീനി കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുര്‍ഖിനി മേഖലയിലാണ് സംഭവം. ജനുവരി ഒമ്പതിന് ഇസ്രായേല്‍ പൗരനു നേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്യുന്നതിനാണ് തങ്ങള്‍ ബുര്‍ഖിനില്‍ എത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷം ഫലസ്തീന്‍ പ്രതിഷേധത്തിനു നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 20ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top