ഇസ്രായേലിനെ ജൂത രാഷ്ട്രമായി പ്രഖ്യാപിച്ചു

തെല്‍ അവീവ്: ഇസ്രായേലിനെ ജൂത രാഷ്ട്രമാക്കി പ്രഖ്യാപിക്കുന്ന ബില്ല് പാര്‍ലമെന്റ് പാസാക്കി. ഫലസ്തീനിയന്‍ അറബ് വംശജര്‍ക്കു നേരെയുള്ള വിവേചനങ്ങളും ആക്രമണങ്ങളും വര്‍ധിക്കാനിടയാക്കുന്ന ബില്ലിന് 55നെതിരേ 62 വോട്ട്  നേടി. ഹീബ്രു ദേശീയ ഭാഷയായും പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ ആനുകൂല്യങ്ങളിലും മറ്റും ജൂതന്‍മാര്‍ക്കായിരിക്കും മുന്തിയ പരിഗണന. ഇസ്രായേല്‍ ചരിത്രപരമായി ജൂതരുടെ സ്വദേശമാണ്. അതിന്റെ ദേശീയ സ്വയംനിര്‍ണയാവകാശത്തില്‍ ജൂതര്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ട്. അവിഭക്ത ജറുസലേമാണ് ഇസ്രായേലിന്റെ തലസ്ഥാനമെന്നും ബില്ല് വ്യക്തമാക്കുന്നു.
അറബിയെ ഔദ്യോഗിക ഭാഷാ പദവിയില്‍ നിന്നു തരംതാഴ്ത്തി പ്രത്യേകം പരിഗണനയുള്ള ഭാഷയാക്കി. ഇതുപ്രകാരം ഇസ്രായേലി സ്ഥാപനങ്ങളില്‍ അറബി ഭാഷ ഉപയോഗിക്കുന്നതു തുടരാം.
സയണിസത്തിനും രാജ്യത്തിന്റെ ചരിത്രത്തിനും അംഗീകാരം ലഭിച്ച നിമിഷമാണിതെന്നായിരുന്നു ബില്ല് പാസാക്കിയ ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രായേല്‍ രൂപീകരണത്തിന്റെ 70ാം വാര്‍ഷികം ആഘോഷിച്ചതിനു പിന്നാലെയാണ്  ബില്ല് പാസാക്കിയത്.
അതേസമയം, ബില്ലിനെ പാര്‍ലമെന്റിലെ ഫലസ്തീന്‍ വംശജര്‍ അപലപിച്ചു. രാജ്യത്ത്  ജൂതര്‍ക്ക് ആധിപത്യം നല്‍കുകയും തങ്ങളെ രണ്ടാംകിട പൗരന്‍മാരാക്കുകയും ചെയ്യുന്നതാണ് ബില്ലെന്നു ഫലസ്തീന്‍ വംശജനായ എംപി അയ്മന്‍ ഉദീഹ് പറഞ്ഞു.
ജനാധിപത്യത്തിന്റെ മരണമാണ് ബില്ലെന്നായിരുന്നു അറബ് സഖ്യം വക്താവിന്റെ പ്രതികരണം. ഇസ്രായേല്‍ സര്‍ക്കാരിന്റെ വംശീയ നടപടികളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് ബില്ലെന്ന് ലീഗല്‍ സെന്റര്‍ ഫോര്‍ അറബ് റൈറ്റ്‌സ് (അദല) ഡയറക്ടര്‍ ഹസന്‍ ജാബറീന്‍ പറഞ്ഞു.
രാജ്യത്ത് ജൂതര്‍ക്ക് സ്വയംനിര്‍ണയാവകാശം നല്‍കിയതിലൂടെ അറബ് വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് നിയമസാധുത നല്‍കിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top