ഇസ്രത്ത് ജഹാന്‍ കേസ്: ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്നതിനെതിരേ ഹരജി

അഹ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റവിമുക്തനാക്കണമെന്ന മുന്‍ ഡിഐജിയുടെ അപേക്ഷയ്‌ക്കെതിരേ ഇസ്രത്ത് ജഹാന്റെ മാതാവ്. കുറ്റവിമുക്തരാക്കരുതെന്നു കാണിച്ച് അഹ്മദാബാദിലെ പ്രത്യേക സിബിഐ കോടതിയില്‍ ഷാമിന കൗസര്‍ ഹരജി സമര്‍പ്പിച്ചു.
വിരമിച്ച പോലിസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സാരയും (മുന്‍ ഡിഐജി) എന്‍കെ അമീനും കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ഷാമിനയുടെ ഹരജിയില്‍ പറയുന്നു. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ രണ്ട് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നതും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ഹരജിയില്‍ വാദം പൂര്‍ത്തിയതിനെ തുടര്‍ന്നു ചൊവ്വാഴ്ച വിധിപറയാന്‍ എടുത്തപ്പോഴാണു ഷാമിന കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇസ്രത്ത് ജഹാന്റെ ബന്ധുക്കളുടെ വാദംകൂടി കേള്‍ക്കാനുണ്ടെന്ന് കോടതി അറിയിക്കുകയായിരുന്നു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ ഇല്ലെന്നും കേസില്‍ കുടുക്കിയതാണെന്നുമാണു വന്‍സാരെ ഹരജിയില്‍ പറഞ്ഞിരുന്നത്. ഡിജിപിയുടെ ചുമതല വഹിച്ചിരുന്ന പി പി പാണ്ഡെയെ ഇതേ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതു ചൂണ്ടിക്കാണിച്ചായിരുന്നു തുല്യനീതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വന്‍സാരെ കോടതിയിലെത്തിയത്.
മുംബൈ സ്വദേശിനിയായിരുന്ന ഇസ്രത്ത് ജഹാന്‍, മലയാളിയായ ജാവേദ് ശെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15ന്  വ്യാജ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയെന്നാണു കേസ്.

RELATED STORIES

Share it
Top