ഇസ്മാഈല്‍ ഫാറൂഖി വിധി: ബാബരി കേസിനെ ബാധിക്കുമെന്ന് ആശങ്ക

ന്യൂഡല്‍ഹി: 1994ലെ ഇസ്മാഈല്‍ ഫാറൂഖി വിധി വിശാല ബെഞ്ച് പരിഗണിക്കേണ്ടതില്ലെന്ന മൂന്നംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധി ബാബരി മസ്ജിദിന്റെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രധാന കേസിനെ ബാധിച്ചേക്കും. പള്ളി നിലനിന്നിരുന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിവാദ വിധി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് ഒക്ടോബര്‍ 29ന് സുപ്രിംകോടതിയില്‍ വാദം കേള്‍ക്കുക.
ലഖ്‌നോ ബെഞ്ചിന്റെ വിധിയില്‍ ഇസ്മാഈല്‍ ഫാറൂഖി വിധി കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടെന്നും അതിനാല്‍ ബാബരി മസ്ജിദ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രധാന കേസിനെ ഇതു ദോഷരമായി ബാധിക്കുമെന്നുമാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഇക്കാര്യം ഇന്നലെ ഈ കേസില്‍ വിധിപറഞ്ഞ മൂന്നംഗ ബെഞ്ചിലെ വിയോജന വിധി പ്രസ്താവിച്ച ജ. എസ് അബ്ദുല്‍ നസീര്‍ തന്റെ വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, വഖ്ഫ് ഭൂമി കേന്ദ്രസര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരമുണ്ടെന്ന് ഇസ്മാഈല്‍ ഫാറൂഖി വിധിയില്‍ അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധിപ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. മുഹമ്മദന്‍ ലോ പ്രകാരം മസ്ജിദുകള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നും അതിനാല്‍ ഒരു മസ്ജിദ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമായിരുന്നു ഇസ്മാഈല്‍ ഫാറൂഖിയുടെ വാദം.
എന്നാല്‍, സര്‍ക്കാരിന് മസ്ജിദ് ഏറ്റെടുക്കുന്നതിന് ഭരണഘടനാപരമായ തടസ്സങ്ങള്‍ ഇല്ലെന്നാണ് ഇസ്മാഈല്‍ ഫാറൂഖി കേസില്‍ ഭൂരിപക്ഷ ബെഞ്ച് വിധിച്ചിരുന്നത്.

RELATED STORIES

Share it
Top