ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെല്ലാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫിസ്; ഒ രാജഗോപാല്‍

തിരുവനന്തപുരം/കൊല്ലം: കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്ന് കുശലാന്വേഷണം നടത്താവുന്ന സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫിസെന്ന് രാജഗോപാല്‍ പറഞ്ഞു.
ഡല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിനു പോവുമ്പോള്‍ പ്രധാനമന്ത്രിയെ കണ്ടേക്കാമെന്ന് പിണറായി കരുതുന്നതിനു പിന്നില്‍ മറ്റുപല ഉദ്ദേശ്യങ്ങളും കാണുമായിരിക്കും. യാത്ര ഔദ്യോഗികമാക്കുന്നതുകൊണ്ട് ഗുണമുണ്ടാവും. പക്ഷേ, അതിനു പ്രധാനമന്ത്രി നിന്നുതരണമെന്നു കരുതുന്നതാണു പ്രശ്‌നമെന്നും രാജഗോപാല്‍ പറഞ്ഞു. മോദി സര്‍ക്കാരിന് കേരളത്തോടു രാഷ്ട്രീയവിരോധമാണെന്ന പിണറായിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. മോദിയോടുള്ള വിരോധം മാത്രമാണ് ഈ പ്രസ്താവനയ്ക്കു പിന്നില്‍.
കേരളത്തോട് എന്തു വിരോധമാണു കേന്ദ്രം കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണം. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പുമന്ത്രിക്ക് കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ എന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. കേരളത്തിന്റെ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ മുഖ്യമന്ത്രി കാണേണ്ടിയിരുന്നത് കേന്ദ്ര ഭക്ഷ്യമന്ത്രിയെയായിരുന്നു. ഇക്കാര്യത്തില്‍ പിണറായിക്ക് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉപദേശമെങ്കിലും തേടാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top