ഇഷ്ടം നടപ്പാക്കാനെങ്കില്‍ ദേവസ്വം മന്ത്രി തന്ത്രിയാവണം

വടകര: മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമ—ന്ദ്രന്‍. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷയിലാണ് മുഖ്യമന്ത്രി വിശ്വാസികളെ വെല്ലുവിളിക്കുന്നതെന്നും, സ്വന്തം ഇഷ്ടം നടപ്പാക്കാനാണെങ്കില്‍ ദേവസ്വംമന്ത്രിയെ തന്നെ തന്ത്രിയായി വാഴിക്കലാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുക്കാളിയിലെ വീട്ടില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ഉച്ചരിച്ച വാക്കുകള്‍ ഓരോന്നും വിശ്വാസികളുടെ നെഞ്ചിലേക്കുള്ള കൂരമ്പുകളാണ്. തന്ത്രിമാരുടെയും പരികര്‍മിമാരുടെയും മേല്‍ കുതിരകയറാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വിശ്വാസികളുടെ ഭാഗത്തു നിന്നതിന് പന്തളം കൊട്ടാരത്തിലെ പിന്‍മുറക്കാരുടെ മേല്‍ അധിക്ഷേപം ചൊരിയുകയാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ചുവന്ന കൊട്ടാരം എന്നറിയപ്പെടുന്ന പന്തളം കൊട്ടാരത്തിന്റെ ചരിത്രം മുഖ്യമന്ത്രി പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ഒരുപാട് ത്യാഗം സഹിച്ചവരാണ് പന്തളം കൊട്ടാര കുടുംബം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലെത്തുന്ന ശശികുമാര വര്‍മ മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. കമ്മ്യൂണിസ്റ്റുകാരോട് കൂറുകാണിച്ച ഒരു കുടുംബത്തെയാണ് മുഖ്യമന്ത്രി അധിക്ഷേപ ശരങ്ങള്‍കൊണ്ട് മൂടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ആശയക്കുഴപ്പത്തിന്റെ തടവുകാരനായിരിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍. ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മുഖത്തേക്ക് രാജികത്ത് വലിച്ചെറിഞ്ഞ് സ്ഥാനത്തുനിന്ന് ഇറങ്ങിപ്പോരാന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ധൈര്യം കാണിക്കണം. വിശ്വാസത്തിനു നേരെ കടന്നുകയറിയതിന്റെ വില മുഖ്യമന്ത്രി അനുഭവിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വടകരയിലെ ലോകനാര്‍ക്കാവ് ക്ഷേത്രം പിന്നോക്കക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും മറ്റുമായി തുറന്നു കൊടുത്തതിന്റെ ചരിത്രം മുഖ്യമന്ത്രിക്കറിയില്ല. ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കടത്തനാട് കോവിലകത്തെ ശങ്കരവര്‍മ രാജയാണ് അവര്‍ണര്‍ക്ക് ക്ഷേത്രം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്.
പിണറായിയിലെ പാറപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് വര്‍ഷങ്ങള്‍ മുമ്പാണ് ഈ സംഭവം. ഇതിന്റെയൊക്കെ പിതൃത്വം എടുത്തണിയാനാണ് ചരിത്രത്തെ കുറിച്ച് ഒരു ചുക്കുമറിയാത്ത പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേരളത്തിലുണ്ടായ നവോത്ഥാനങ്ങളെല്ലാം തങ്ങള്‍ നടത്തിയതാണെന്ന രീതിയിലാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാവുന്നതിന് മുമ്പുണ്ടായ സാമൂഹിക മാറ്റങ്ങള്‍ പോലും തങ്ങളുടെ ശ്രമഫലമാണ് എന്നുള്ള തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ പരിഹാസ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

RELATED STORIES

Share it
Top