ഇശലിന്റെ തേനിമ്പം പകര്‍ന്ന് വി എം കുട്ടി; എഴുത്തും പാട്ടും ചരിത്രവുമറിഞ്ഞ് വിദ്യാര്‍ഥികള്‍

അങ്ങാടിപ്പുറം: ഭാരതപ്പൂങ്കാവനത്തിലെ പൂക്കളാണേ നമ്മള്‍ ഭാരതാംബ പെറ്റെടുത്ത കണ്‍മണികളാണേ’ മലബാറിലെ മാപ്പിളമാരുടെ പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരന്‍ വി എം കുട്ടി ഹൃദയം തുറന്നു പാടുമ്പോള്‍ ചുറ്റുമിരുന്ന് കുട്ടികള്‍ താളം പിടിച്ചു. പിന്നെ എഴുത്തിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പാട്ടിന്റെ ചരിത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദ്യങ്ങളായി. ‘
എഴുത്തിന്റെ വഴിയേ...’ പഠനയാത്രയുടെ ഭാഗമായി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം പ്രവര്‍ത്തകരാണ് വി എം കുട്ടിയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന് പാട്ടിന്റെ ചരിത്രവഴികള്‍ തേടിയത്. രോഗങ്ങളുടെ ക്ഷീണം മാറ്റിവച്ച് ഏഴുപതിറ്റാണ്ടിന്റെ ‘കഥകള്‍’ കുട്ടികളോടു പങ്കിടാന്‍ അദ്ദേഹത്തിന് ആവേശമായിരുന്നു. അറബി മലയാളം, എം എസ് ബാബുരാജുമൊത്തുള്ള യാത്രകള്‍, കത്തുപാട്ടുകള്‍, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം കുട്ടികളുമായി അദ്ദേഹം പങ്കുവച്ചു. കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.
അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ചരിത്രാവലോകനം നടത്തി. വൈദ്യരെക്കുറിച്ചുള്ള ടെലിഫിലിമും ഹൃദ്യാനുഭവമായി. കഥയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലില്‍ വീടും അരക്കിണറിലെ സിനിമാ നടന്‍ മാമുക്കോയയുടെ വീടും കുട്ടികള്‍ സന്ദര്‍ശിച്ചു. വിദ്യാരംഗം കോര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, അധ്യാപകരായ കെ എസ് സിബി, നിഷ ജെയിംസ്, സ്വപ്‌ന സിറിയക്, ഭാരവാഹികളായ എം അബു ത്വാഹിര്‍, പി ഫാത്തിമ സഫ, ജി ശോഭിത്, എന്‍ അശ്വിന്‍ദേവ്, ടി കെ മുഹമ്മദ് ഇഹ്‌സാന്‍, പി എച്ച് ഷിഹ്‌ല നെസ്മിന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top