ഇവിടത്തെ കിളികളും അവിടത്തെ കിളികളും ഒന്നു തന്നെ: മന്ത്രി ബാലന്‍

ആലത്തൂര്‍: പ്രതിഷേധങ്ങള്‍ക്കും കോടതി നടപടികള്‍ക്കിടയിലും പൂര്‍ത്തീകരിച്ച വിവാദ ഓപണ്‍ ഓഡിറ്റോറിയം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. പ്രസംഗത്തില്‍ കീഴാറ്റൂരിലെ വയല്‍ക്കിളികളെ പരിഹസിക്കാനും മറന്നില്ല.
ഇവിടത്തെ കിളികളും അവിടത്തെ കിളികളും ഒന്നു തന്നെയാണെന്നാണ് മന്ത്രി എ കെ ബാലന്‍ പരിഹസിച്ചത്. പരിസ്ഥിതിയെ വെല്ലുവിളിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരാണ്. എന്നാല്‍ മനുഷ്യനെ സംരക്ഷിക്കാന്‍ വികസനത്തില്‍ ചിലപ്പോള്‍ പ്രകൃതിയെ പിണക്കേണ്ടി വരും. കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ എന്ന് പറയുന്നവരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരാണ്. ഇവരുടേതാണ് കൃഷിഭൂമി.
എന്നാല്‍ തളിപ്പറമ്പ് ടൗണിലൂടെ ദേശീയപാത കടന്നു പോയാല്‍ നഷ്ടപ്പെടുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും ലീഗുകാരുടേതാണ്. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. കെ ഡി പ്രസേനന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം പൂര്‍ത്തീകരിച്ചത്.  ഉദ്ഘാടന വേദിയില്‍ മന്ത്രിയെപ്പോലെ പരിസ്ഥിതി സംഘടനയെ കെ ഡി പ്രസേനന്‍ എംഎല്‍എയും പരിഹസിച്ചു. ആല്‍മരത്തിന്റെ കൊമ്പ് മുറിച്ചതിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയ പരിസ്ഥിതി സംഘടനയെ പരിഹസിച്ച് സംസാരിച്ചത്. കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി, വി ചെന്താമരാക്ഷന്‍, ജില്ലാ പഞ്ചായത്തംഗം മീനകുമാരി, ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍, വൈസ് പ്രസിഡന്റ് കെ രമ, ജില്ലാ നിര്‍മിതികേന്ദ്രം പ്രൊജക്ട് എന്‍ജിനീയര്‍ കെ വി ജയദേവന്‍ സംസാരിച്ചു.

RELATED STORIES

Share it
Top