ഇവിഎം മാറ്റിനിര്‍ത്തൂ; തിരഞ്ഞെടുപ്പ് സുതാര്യമാക്കൂ

എനിക്ക് തോന്നുന്നത് -  സി എച്ച് കുഞ്ഞിമുഹമ്മദ്, കാളികാവ്
നമ്മുടെ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ് താന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിക്കും സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യുകയെന്നത്. ജനാധിപത്യ സംരക്ഷണത്തിനും നീതിപൂര്‍വകമായ തിരഞ്ഞെടുപ്പിനും പേരുകേട്ട രാജ്യമാണ് നമ്മുടേത്. എന്നാല്‍, അടുത്തകാലത്തായി രംഗപ്രവേശം ചെയ്ത വോട്ടിങ് മെഷീന്‍ ജനാധിപത്യത്തെയും നീതിപൂര്‍വകമായ തിരഞ്ഞെടുപ്പ് സംവിധാനത്തെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ നമ്മള്‍ ഈ യന്ത്രത്തെയാണ് ആശ്രയിക്കുന്നത്. വോട്ടെടുപ്പും എണ്ണലും എളുപ്പമാക്കാന്‍ യന്ത്രങ്ങള്‍ വളരെയേറെ സഹായിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ, അതോടൊപ്പം അതിനെ ദുരുപയോഗം ചെയ്യാനും അട്ടിമറിക്കപ്പെടാനും കഴിയുമെന്നതും നാം വിസ്മരിച്ചുകൂടാ.
രാജ്യത്തെ ഒട്ടുമിക്ക പാര്‍ട്ടികളും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതിനാല്‍ കുറ്റമറ്റതും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് സാധ്യമാവുന്നതിന് നമുക്ക് ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോയാലെന്താ എന്ന് ഉറക്കെ ചിന്തിക്കേണ്ട സമയമാണിത്. അതിനൂതന സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ഒരു ഇലക്ട്രോണിക് യന്ത്രത്തെ അതേ സാങ്കേതികവിദ്യ ഉപയോഗിച്ചു തന്നെ നിശ്ചലമാക്കാനും എതിര്‍ദിശയില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുമെന്നത് ശാസ്ത്രത്തിന്റെ ബാലപാഠം തന്നെയാണ്.
രാജ്യത്തു നടന്ന ഒട്ടേറെ പൊതു-ഇടക്കാല ഉപതിരഞ്ഞെടുപ്പുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് പല കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ പരാതികളും സംശയങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിയോടെ സ്വീകരിച്ചിട്ടുണ്ടെന്നതും നേര്. പക്ഷേ, അതുസംബന്ധിച്ച് പിന്നീട് നടപടികളൊന്നുമുണ്ടായില്ല.
ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ അതിമുന്നേറ്റം നടത്തിയ റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറിനെ ആശ്രയിക്കുന്നതിന് എന്തായിരിക്കും കാരണം? അമേരിക്കയില്‍ പല സംസ്ഥാനങ്ങളിലും ബാലറ്റ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ലോകത്തിലെ പല ഭരണകൂടങ്ങളെയും നിലനിര്‍ത്താനും താഴെയിറക്കാനും അതിനിഗൂഢ കരങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു കാലമാണിത്. ആഗോളതലത്തില്‍ കൈകോര്‍ത്തിട്ടുള്ള സയണിസ്റ്റ്്-ഫാഷിസ്റ്റ് കൂട്ടുകെട്ട് എന്തിനും കഴിവുള്ളവരാണെന്നും നാം ഓര്‍ക്കുക. ഇവിഎം പലപ്പോഴും പണിമുടക്കുകയും വോട്ട് മറ്റു സ്ഥാനാര്‍ഥികള്‍ക്ക് രേഖപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും പ്രമുഖ ദേശീയകക്ഷികള്‍ പോലും ഇതിനെതിരേ ശക്തമായി സംസാരിക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണു ദുഃഖകരം. കുറ്റമറ്റതും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറിനോളം സുതാര്യമായ മറ്റൊരു മാര്‍ഗവുമില്ല എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യവുമാണ്. അധികാര രാഷ്ട്രീയ മേലാളന്മാര്‍ നിയന്ത്രിക്കുകയും ചൊല്‍പ്പടിക്കു നിര്‍ത്തുകയും ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്ഥാപനം എത്രമാത്രം സുതാര്യമാവും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ വോട്ടുകളും താമരയില്‍ വീഴുന്ന വോട്ടിങ് യന്ത്രങ്ങളെപ്പറ്റി പരാതിയുയര്‍ന്നിരുന്നു. ഒരുപാട് ഐടി വിദഗ്ധന്‍മാരുടെ സഹായത്തോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. അവര്‍ ഹിന്ദുത്വഭരണം നിലനിര്‍ത്താന്‍ എന്തു വിക്രസും ഒപ്പിക്കുന്നവരാണ് എന്നതും മറക്കേണ്ട. അങ്ങനെയൊക്കെ നോക്കുമ്പോള്‍ വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തില്‍ ഒരു പുനപ്പരിശോധന ഉണ്ടാവുന്നത് ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായകമാവും.

RELATED STORIES

Share it
Top