ഇവരെ അറിയുമോ? ക്രിക്കറ്റിനെ അടക്കിവാണവരുടെ പുത്രന്‍മാര്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലൂടെ കരുത്തുകാട്ടാനെത്തുന്നു


വെല്ലിങ്ടണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് അരങ്ങുണരാനിരിക്കെ ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്ന രണ്ടു താരങ്ങളുണ്ട്. ഓസ്റ്റിന്‍ വോ, താന്റോ എന്‍ഡിനി എന്നിവരാണ് ആ താരങ്ങള്‍. ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റിനെ അടക്കിവാണിരുന്ന രണ്ട് ക്രിക്കറ്റ് താരങ്ങളുടെ മക്കളാണിവര്‍. ആസ്‌ത്രേലിയയുടെ മുന്‍ നായകനും ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാണുമായ സ്റ്റീവ് വോയുടെ മകനാണ് ഓസ്റ്റിന്‍ വോ. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളറായിരുന്ന മഖായ എന്‍ഡിനിയുടെ മകനാണ് താന്റോ എന്‍ഡിനി. ഇരു താരങ്ങളും അവരുടെ അച്ഛന്റെ പാത തന്നെയാണ് പിന്തുടരുന്നത്. ഓസ്റ്റിന്‍ ബാറ്റിങില്‍ തിളങ്ങുമ്പോള്‍ പന്തുകൊണ്ടാണ് താന്റോ വിസ്മയം തീര്‍ക്കുന്നത്.
ആസ്‌ത്രേലിയയില്‍ നടന്ന അണ്ടര്‍ 17 നാഷണല്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അപരാജിത സെഞ്ച്വറി നേടിയതോടെയാണ് ഓസ്റ്റിനെ (122) ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുന്നത്. അതേ പോലെ ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ നാല് വിക്കറ്റ് പ്രകടനം നടത്തിയതാണ് താന്റോയുടെ കരിയറില്‍ വഴിത്തിരിവായത്. എന്തായാലും അണ്ടര്‍ 19 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കാമെന്ന മോഹത്തിലാണ് ഇരുതാരങ്ങളുമുള്ളത്. അടുത്ത വര്‍ഷം ജനുവരി 13 മുതല്‍ ഫെബ്രുവരി മൂന്ന് വരെ ന്യൂസിലന്‍ഡിലാണ് അണ്ടര്‍ 19 ലോകകപ്പ് നടക്കുന്നത്.

RELATED STORIES

Share it
Top