ഇളപ്പുങ്കല്‍, വട്ടികൊട്ട പ്രദേശങ്ങളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

ഈരാറ്റുപേട്ട: ഇളപ്പുങ്കല്‍, വട്ടികൊട്ട പ്രദേശങ്ങളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. പരാതി പറഞ്ഞ നാട്ടുകാര്‍ക്കും പോലിസിനും നേരെ കഞ്ചാവ് മാഫിയയുടെ കയ്യേറ്റവും ഉണ്ടായി.  വൈകീട്ടോടെ വില്‍പനക്കാരും ഉപഭോക്താക്കളും എത്തുന്നതോടെ പ്രദേശം സാമൂഹിക വിരുദ്ധരുടെ പിടിയിലാകും. സാധാരണക്കാര്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ടാകും.
ഇവിടെയുള്ള നടപ്പാലം കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം. പലപ്രാവശ്യം പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പോലിസിന് സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പ്രദേശത്തെ വിവിധ സംഘടനകളും റെസിഡന്റ്‌സ് അസോസിയേഷനുകളും ചേര്‍ന്ന് ഭീമഹര്‍ജി പോലിസിന് നല്‍കാന്‍ തീരുമാനിച്ചിരിന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ക്കു നേരെ കയ്യേറ്റശ്രമം ഉണ്ടായത്. ആറിന് തീരത്തിരുന്ന് കഞ്ചാവ് വില്‍പനയും ഉപയോഗവും വര്‍ധിച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലായി. നാട്ടുകാര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായപ്പോള്‍ മാത്രമാണ് പോലിസ് എത്തിയത്.
പോലിസിനു നേരെയും കയ്യേറ്റശ്രമം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ സൈ്വര്യ ജീവിതത്തിന് തടസ്സമാക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടികള സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top