ഇല്ലിസിറ്റിയിലെ കൊലപാതകം; ദമ്പതികള്‍ റിമാന്‍ഡില്‍

അടിമാലി: മുനിയറ ഇല്ലിസിറ്റിയില്‍ മന്നാട്ട് വീട്ടില്‍ കുഞ്ഞുമോനെന്നു വിളിക്കുന്ന നാരായണന്റെ (58) കൊലപാതകത്തില്‍ പ്രതികളായ ദമ്പതികള്‍ റിമാന്‍ഡില്‍. മുനിയറ ഇല്ലിസിറ്റി മുരിങ്ങത്തടത്തില്‍ സുരേന്ദ്രന്‍ (50), ഭാര്യ എളമ്പുലാശ്ശേരി സ്വദേശി അളകനന്ദ (58) എന്നിവരെയാണ് അടിമാലി കോടതി റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നു പോലിസ് പറയുന്നു. നാരായണന്റെ വീട്ടിലെ കൃഷിപ്പണിക്കാരായിരുന്ന ഇരുവരും ചില ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചാണ് ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച ഇവരെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം രാത്രി മദ്യലഹരിയില്‍ നാരായണന്‍ അളകനന്ദയെ കടന്നുപിടിച്ചു. അളകനന്ദ സുരേന്ദ്രനെ വിവരം ധരിപ്പിച്ചു. ഇതോടെ ഇരുവരും വീടിനുള്ളില്‍ കയറി നാരായണനെ ആക്രമിച്ചു കൊല്ലുകയായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ രാജാക്കാടെത്തി കുറത്തിക്കുടിക്ക് പോകുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. സുരേന്ദ്രന്‍ ഒന്നാം പ്രതിയും അളകനന്ദ രണ്ടാം പ്രതിയുമാണ്. സുരേന്ദ്രന്‍ ക്രിമിനല്‍ കേസുകളിലും മോഷണക്കേസുകളിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്നു പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top