ഇല്ലാത്ത കാറിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിച്ച ആയിഷുമ്മയ്ക്ക് ഒടുവില്‍ പെന്‍ഷന്‍

മുക്കം: വാര്‍ത്തകളും, പ്രതിഷേധങ്ങളും ഫലംകണ്ടു,വയോധികക്ക് ഇല്ലാത്ത കാറിന്റെ പേരില്‍ തടഞ്ഞുവെക്കപ്പെട്ട പെന്‍ഷന്‍ ലഭിച്ചു. കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി കണ്ടങ്ങല്‍ സ്വദേശിനി 70 വയസ്സുകാരി ആയിഷുമ്മക്കാണ് കാത്തിരിപ്പിനൊടുവില്‍ വാര്‍ധക്യകാല പെന്‍ഷന്‍ ലഭിച്ചത്.
മാരുതി വാഗണ്‍ ആര്‍ ഉടമയാണന്ന് പറഞ്ഞ് നാല് മാസം മുമ്പാണ് ഒരു സൈക്കിള്‍ പോലുമില്ലാത്ത ആയിഷുമ്മക്ക് ലഭിച്ചു കൊണ്ടിരുന്ന പെന്‍ഷന്‍ നിഷേധിച്ചത്.ഇത് വാര്‍ത്തകളിലും, സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചയാകുകയും, പ്രതിഷേധം ഉയരുകയും ചെയ്തതതോടെയാണ് മുടങ്ങിക്കിടന്ന പെന്‍ഷന്‍ പുനസ്ഥാപിക്കാന്‍ നടപടിയായത്. ഈ പെന്‍ഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിഷുമ്മക്ക് മറ്റു വരുമാനമൊന്നുമില്ല. ശ്വാസം മുട്ടലും ശരീരവേദനയുമടക്കം ഒട്ടനവധി അസുഖങ്ങള്‍ ബാധിച്ച ആയിഷുമ്മക്ക് പെന്‍ഷന്‍ പുനസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഏത് നിമിഷവും തകര്‍ന്ന് വീഴാറായ പൂര്‍ണ്ണമായും മണ്‍കട്ടയില്‍ നിര്‍മിച്ച വീട്ടില്‍ ഏറെ ഭീതിയോടെയാണിവര്‍ കഴിഞ്ഞിരുന്നത്.
ഈ സങ്കടത്തില്‍ കഴിയുന്നതിനിടെ പെന്‍ഷന്‍ കൂടി നിലച്ചതോടെ ഏറെ പ്രയാസത്തിലായ ആയിഷുമ്മക്ക് വലിയ ആശ്വാസമായാണ് നാല് മാസത്തെ പെന്‍ഷന്‍ ലഭിച്ചത്.ഇനി അടച്ചുറപ്പുള്ള ഒരു വീടു നിര്‍മി്ക്കാനുള്ള വഴി കൂടി തെളിഞ്ഞാല്‍ വയോധികക്ക് ഭീതിയില്ലാതെ കഴിയാനാവും.

RELATED STORIES

Share it
Top