ഇലക്‌ട്രോണിക്‌സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

കൊച്ചി: പള്ളിമുക്കില്‍ ഇലക്‌ട്രോണിക്‌സ് കടയുടെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന 10ഓളം വാഹനങ്ങള്‍ കത്തിനശിച്ചു. മൂന്ന് നിലകളില്‍ പ്രവര്‍ത്തിക്കുന്ന പള്ളിമുക്കിലെ റോയല്‍ ടവറിന്റെ താഴത്തെ നിലയിലെ ഗോഡൗണില്‍ ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഗോഡൗണില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഒന്നര മണിക്കൂറോളമെടുത്താണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്. സംഭവസമയം തിരക്ക് കുറവായതിനാല്‍ കെട്ടിടത്തില്‍ നിന്ന് വേഗം ആളുകളെ ഒഴിപ്പിക്കുവാന്‍ സാധിച്ചു. ഇതുമൂലം വന്‍ അപകടം ഒഴിവാക്കാനായി. മൂന്നു നിലയുള്ള കെട്ടിടത്തില്‍ ചെറുതും വലുതുമായി 20 കടകളുണ്ട്. കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്തുനിന്നുയര്‍ന്ന തീയും പുകയും പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.ഭൂഗര്‍ഭ അറയോടു ചേര്‍ന്നുള്ള ടിവി സര്‍വീസ് സെന്ററിലേക്ക് നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു. തീ നിയന്ത്രണവിധേയമായ ശേഷം ഇവിടെയുണ്ടായിരുന്ന ബൈക്കുകളും സ്‌കൂട്ടറുകളും റോഡിന് മറു വശത്തേക്കു മാറ്റി. സര്‍വീസ് സെന്ററിലുണ്ടായിരുന്ന 50 ഓളം എല്‍ഇഡി ടിവികളും ഉപയോഗശൂന്യമായി. കെട്ടിടസമുച്ചയത്തിന്റെ ഒന്നാംനിലയിലുള്ള വിഎസ് ഇലക്‌ട്രോണിക്‌സിന്റേതാണ് സര്‍വീസ് സെന്റര്‍. ഭൂഗര്‍ഭ അറയോട് ചേര്‍ന്നുള്ള ഭാഗത്തു പ്രദര്‍ശനത്തിനു വച്ചിരുന്ന ഹോംതിയേറ്റര്‍, ടിവികളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടോ, ചപ്പുചവറുകള്‍ക്കു തീപിടിച്ചതോ ആവാം അപകടകാരണമെന്നു കരുതുന്നു.

RELATED STORIES

Share it
Top