ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം തുടങ്ങിതിരുവനന്തപുരം:  സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്തു. പുകമലിനീകരണവും ശബ്ദമലിനീകരണവുമില്ലാത്ത പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമായ വാഹനത്തിന് രണ്ടര കോടിയോളം രൂപ വില വരും.
പിന്നിലെ രണ്ടു വീലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളാണ്  ബസില്‍ എഞ്ചിനു പകരമായി ഉപയോഗിക്കുന്നത്. ഡീസല്‍/സിഎന്‍ജി ബസുകളേക്കാള്‍ റണ്ണിങ് ചെലവ് കുറവാണ്. ഹിമാചല്‍ പ്രദേശ്, തെലുങ്കാന, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇത്തരം ബസുകള്‍ ഓടുന്നുണ്ട്.
നിലവിലുള്ള സിറ്റി എസി ബസിന്റെ അതേ നിരക്കു തന്നെയാണ് പുതിയ ഇലക്ട്രിക് ബസിലെ യാത്രയ്ക്കും ഈടാക്കുക. 35 സീറ്റുകളുണ്ട്. വീല്‍ചെയര്‍ കയറ്റാന്‍ സൗകര്യമുണ്ട്. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ സമയം മതി. ഒരു ചാര്‍ജ്ജിങില്‍ 350 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. തിരുവനന്തപുരം  മെഡിക്കല്‍ കോളജ്  കഴക്കൂട്ടം, കിഴക്കേക്കോട്ട  കോവളം, കിഴക്കേക്കോട്ട ടെക്‌നോപാര്‍ക്ക്, പാപ്പനംകോട് റൂട്ടുകളിലും എറണാകുളത്ത് ആലുവ വൈറ്റില ചേര്‍ത്തല, തിരുവാങ്കളം  ഹൈക്കോര്‍ട്ട് തോപ്പുംപടി, അങ്കമാലി ഇന്‍ഫോപാര്‍ക്ക് റൂട്ടുകളിലും കോഴിക്കോട് നഗരത്തില്‍ കോഴിക്കോട് രാമനാട്ടുകര കൊണ്ടോട്ടി  മലപ്പുറം, കോഴിക്കോട്‌സിവില്‍ സ്‌റ്റേഷന്‍ തലശ്ശേരി റൂട്ടുകളിലുമാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ നവീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ച
ടങ്ങില്‍ മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആറ് പ്രധാന നഗരങ്ങളില്‍ മലിനീകരണം കൂടുതലാണെന്നും  മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയുണ്ട്.  വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നമ്മുടെ റോഡുകളില്‍ എത്ര മാത്രം ഫലപ്രദമായിരിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. ഇത് പരീക്ഷിക്കുന്നതിനാണ് ഗോള്‍ഡ്‌സ്‌റ്റോണ്‍ കമ്പനിയുടെ ഇലക്ട്രിക് ബസ് അഞ്ചു ദിവസം വീതം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സൗജന്യമായി പരീക്ഷണ ഓട്ടം നടത്തുന്നത്. വൈദ്യുതി വാഹനങ്ങള്‍ റോഡിനും ജനങ്ങള്‍ക്കും സൗഹാര്‍ദപരമാണെങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസി ഇത് പ്രാബല്യത്തില്‍ വരുത്തുന്നത്  തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച നയത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. ഇത് സര്‍ക്കാര്‍ അംഗീകരിച്ച് പ്രായോഗിക തലത്തില്‍ വന്നാലേ പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസുകള്‍ ഉപയോഗിക്കുക എന്ന കെഎസ്ആര്‍ടിസിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ഇലക്ട്രിസിറ്റി, ബാറ്ററി വിതരണം സംബന്ധിച്ചും ധാരണയിലെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top