ഇറാന്‍ ആണവക്കരാറില്‍ നിന്ന് യുഎസ് പിന്‍മാറരുതെന്നു മാക്രോണ്‍

വാഷിങ്ടണ്‍: ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നു യുഎസ് പിന്‍മാറരുതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യുഎസില്‍ സന്ദര്‍ശനത്തിനെത്തിയ മാക്രോണ്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയത്തെ മാക്രോണ്‍ തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു. ആണവക്കരാറില്‍ നിന്ന് യുഎസ് പിന്‍വാങ്ങുമോ എന്ന് ആശങ്ക പ്രകടിപ്പിച്ച മാക്രോണ്‍ ഭൂതകാലത്തെ അബദ്ധങ്ങള്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അഭിപ്രായപ്പെട്ടു. ഇറാന്‍ ആണവക്കരാര്‍ നിലനിര്‍ത്തുന്നതാണ് മാക്രോണിന്റെ യുഎസ് സന്ദര്‍ശനത്തില്‍ പ്രധാന അജണ്ട.
2015ലാണ്, യുഎസ്, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ഇറാനുമായി ആണവക്കരാറിലെത്തിയത്. ആണവ പരീക്ഷണം  നിര്‍ത്തുന്നതിനു പകരമായി ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കുമെന്നാണ് കരാര്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍, ഒബാമ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാറില്‍നിന്നു യുഎസ് ഒഴിഞ്ഞുപോവണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. കരാറില്‍ പാളിച്ചകളുള്ളതായും ട്രംപ് ആരോപിക്കുന്നു. അടുത്തമാസം 12 വരെയാണ് കരാറില്‍ നിന്നു പിന്‍മാറുന്നതിനു യുഎസ് നല്‍കിയിരിക്കുന്ന സമയപരിധി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും പശ്ചിമേഷ്യന്‍ മേഖലയിലെ ഇറാന്റെ സൈനിക ഇടപെടലും നിയന്ത്രിക്കുന്നതിനുള്ള പുതിയ ഉപകരാറിനുള്ള നിര്‍ദേശവും മാക്രോണ്‍ മുന്നോട്ടുവച്ചു. എന്നാല്‍, മാക്രോണിന്റെ നിര്‍ദേശത്തെ ഇറാനും യൂറോപ്യന്‍ യൂനിയനും തള്ളി. 2015ലെ കരാര്‍ തന്നെയാണ് സംരക്ഷിക്കേണ്ടതെന്ന് ഇയു വ്യ—ക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം, വ്യാപാര നയം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ നിലപാടില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നതായിരുന്നു മാക്രോണിന്റെ പ്രസംഗം. ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയത്തേയും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, യുഎസിനെതിരേ മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഈ  ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top