ഇറാന്‍ ആണവക്കരാറിനെ പിന്തുണച്ച് യുഎന്നും ഇയുവും

ജനീവ: ഇറാനുമായുള്ള ആണവക്കരാറിനെ പിന്തുണച്ച് യുഎസിന്റെ സഖ്യകക്ഷികളും എതിരാളികളും രംഗത്തെത്തി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് കരാറിന് അനുകൂലമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവന്നത്. ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്ലാന്‍ ബി എന്ന രീതിയില്‍ മറ്റൊരു കരാര്‍ ഇല്ല എന്ന മാക്രോണിന്റെ നിലപാടിനെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും പിന്തുണയ്ക്കുകയായിരുന്നു.
ഇറാനു മേലുള്ള നിബന്ധനകള്‍ ശക്തമാക്കിയിട്ടില്ലെങ്കില്‍ മെയ് മധ്യത്തോടെ ആണവക്കരാറില്‍ നിന്നു പിന്‍മാറുമെന്നു ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കരാറുമായി മുന്നോട്ടുപോവാന്‍ യുഎസില്‍ സമ്മര്‍ദം ചെലുത്താനാണ് മാക്രോണിന്റെ നീക്കം.
കരാര്‍ നിലവിലെ അവസ്ഥയില്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന ആണവ നിരായുധീകരണ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്.
ഇറാന്റെ ആണവ പദ്ധതികള്‍ സമാധാനപരമായാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ആണവക്കരാര്‍ മുന്നോട്ടു കൊണ്ടുപോവണമെന്നു യുഎന്‍ പ്രതിനിധി ഇസുമി നകാമിറ്റ്‌സു അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇറാന്‍ ജനതയ്ക്കു ലഭിക്കുന്ന നേട്ടങ്ങളെ വിസ്മരിക്കരുത്. അണ്വായുധങ്ങള്‍ അത്യാവശ്യമാണെന്ന പ്രചാരണ—ങ്ങളെ അവര്‍ അപലപിച്ചു. അത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ വര്‍ധിച്ചുവരുകയാണ്. അന്താരാ—ഷ്ട്ര തലത്തില്‍ അണ്വായുധങ്ങള്‍ പ്രയോഗിക്കുമെന്ന ഭീഷണി വര്‍ധിക്കുകയാണെന്നും ഇസുമി നകമിറ്റ്‌സു മുന്നറിയിപ്പു നല്‍കി. കരാര്‍ ആഗോളതലത്തില്‍ ആണവനിര്‍വ്യാപനത്തെ ബലപ്പെടുത്തുമെന്നും ഗള്‍ഫ് മേഖലയുടെയും ലോകത്തിന്റെ തന്നെയും സുരക്ഷയ്ക്കും സമാധാനത്തിനും മുതല്‍ക്കൂട്ടാവുമെന്നും ഇയു പ്രതിനിധി ജെസീക് വൈലിസയും അഭിപ്രായപ്പെട്ടു. എന്നാല്‍, ഇറാന്‍ ഭരണകൂടം ആണവനിര്‍വ്യാപന പദ്ധതിക്ക് ദീര്‍ഘകാല വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നായിരുന്നു യുഎസ് പ്രതിനിധി ക്രിസ്റ്റഫര്‍ ഫോഡിന്റെ ആരോപണം.
ഇറാനുമായുള്ള ആണവക്കരാര്‍ സംരക്ഷിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഈ ആഴ്ച അവസാനം മാക്രോണ്‍ യുഎസ് സന്ദര്‍ശിക്കും. ആണവക്കരാര്‍ പരാജയെപ്പട്ടാല്‍ ഭാവിയില്‍ ഇറാന്‍ ആണവ പദ്ധതികളും ഉത്തര കൊറിയയുടേതിനു സമാനമായ ഭീഷണി സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. 2015ലാണ് യുഎസ്, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി ഇറാന്‍ ആണവക്കരാറില്‍ ഒപ്പിട്ടത്.

RELATED STORIES

Share it
Top