ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി

വാഷിങ്ടണ്‍: ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2015ലെ ആണവകരാറില്‍ നിന്നു യുഎസ് പിന്‍മാറുമെന്നു നേരത്തേ ഭീഷണിപ്പെടുത്തിയ ട്രംപ് അല്‍പ്പ സമയം മുമ്പാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാല്‍, എന്ത് പ്രശ്‌നങ്ങള്‍ വന്നാലും അതിനെ മറികടക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തിരിച്ചടിച്ചു. കരാറില്‍ നിന്നു പിന്‍മാറിയാല്‍ യുഎസ് ചരിത്രത്തില്‍ അഭിമുഖീകരിച്ചിട്ടില്ലാത്തവിധം ഖേദിക്കേണ്ടിവരുമെന്നു റൂഹാനി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കരാറില്‍ നിന്നു പിന്മാറരുതെന്നു ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ട്രംപിനോട് ആവശ്യപ്പെട്ടെങ്കിലും അത് ചെവിക്കൊള്ളാന്‍ യുഎസ് തയ്യാറായില്ല. കരാര്‍ പിന്മാറ്റത്തിനു പിന്നാലെ ഉണ്ടാവാനിരിക്കുന്നതു യുദ്ധമാണെന്നാണു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ കരാറില്‍ നിന്നു പിന്മാറുന്നത് അബദ്ധമാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും ട്രംപിനു കത്തെഴുതി.
ഇറാനുമായുള്ള ആണവ കരാര്‍ കൊണ്ട് ഒരു നേട്ടവുമുണ്ടായിട്ടില്ലെന്ന് ഇന്നലെ നടത്തിയ പ്രഖ്യാപനത്തില്‍ ട്രംപ് ആരോപിച്ചു. ഇറാന്‍ അതിന്റെ അണ്വായുധ നിര്‍മാണവുമായി മുന്നോട്ടു പോവുന്നതായാണ് ഇസ്രായേലില്‍ നിന്നുള്ള രഹസ്യരേഖകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കരാറില്‍ നിന്ന് പിന്മാറുന്നതെന്നും ട്രംപ് പറഞ്ഞു. കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ഇറാനെതിരേ കൂടുതല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചേക്കും.

ട്രംപിന്റെ തീരുമാനം എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്ന് ഇറാനിയന്‍ വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗിരി നേരത്തേ വ്യക്തമാക്കിയിരുന്ു. യുഎസ് കരാറില്‍നിന്നു പിന്മാറിയാലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു യാതൊന്നും സംഭവിക്കില്ലെന്ന് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് തലവന്‍ വാലിയോല്ലാ സെയ്ഫ് വ്യക്തമാക്കി.
2015ല്‍ യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ മുന്‍കൈയെടുത്താണ് ജോയിന്റ് കോംബ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) എന്ന ആണവ കരാറില്‍ ഒപ്പിട്ടത്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായാണ് ഇറാന്‍ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. യുഎസ് പിന്‍മാറിയാലും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണെങ്കില്‍ യൂറോപ്പ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി കരാര്‍ മുന്നോട്ടു കൊണ്ടുപോവുമെന്നും റൂഹാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top