ഇറാനെ സമ്മര്‍ദത്തിലാക്കാന്‍ പ്രചാരണങ്ങളുമായി യുഎസ്‌

വാഷിങ്ടണ്‍: സായുധ സംഘത്തിനുള്ള പിന്തുണയും ആണവ പദ്ധതികളും അവസാനിപ്പിക്കുന്നതിന് ഇറാനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസ് പ്രചാരണ പരിപാടി നടത്തുന്നു.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രകോപിപ്പിച്ചും പ്രസംഗങ്ങളിലൂടെയും ഇറാനെ കടന്നാക്രമിച്ചും ഇറാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണു തന്ത്രം. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും പ്രചാരണ പരിപാടികളെ അനുകൂലിക്കുന്നുണ്ട്. പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.  യുഎസിന്റെ പ്രചാരണത്തെ ഇറാന്‍ തള്ളിക്കളഞ്ഞു.
അതേസമയം യുഎസിന്റെ സമ്മര്‍ദ്ദത്താല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കിയാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടയുമെന്ന ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കു പിന്തുണയുമായി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ.
ഇറാന്‍ പ്രസിഡന്റിനെ അനുകൂലിച്ചുള്ള ഖാംനഇയുടെ പ്രസ്താവന ഔദ്യോഗിക വൈബ്‌സൈറ്റാണ് പുറത്തുവിട്ടത്. കഴിഞ്ഞദിവസം ഇറാന്‍ വിദേശകാര്യ മന്ത്രാലയവുമായി ഖാംനഇ കൂടിക്കാഴ്ച നടത്തിയിരുന്നു. 2015ല്‍ ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറിയ യുഎസുമായി ഇനിയൊരു ചര്‍ച്ച നടത്തുന്നതിനെ ഖാംനഇ എതിര്‍ത്തു.
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്താല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top