ഇറാനെതിരേ ഉപരോധ നീക്കവുമായി ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും

ബ്രസ്സല്‍സ്: ഇറാനെതിരേ പുതിയ ഉപരോധം ചുമത്താന്‍ നീക്കവുമായി യൂറോപ്യന്‍ വന്‍ ശക്തി രാജ്യങ്ങള്‍. യൂറോപ്യന്‍ യൂനിയന്‍ (ഇയു) നേതൃത്വത്തില്‍ ഇറാനെതിരേ ഉപരോധം ചുമത്തുന്നതിനാണ് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ നീക്കം നടത്തുന്നതെന്നു രഹസ്യ രേഖകളെ അധികരിച്ച് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
2015ലെ ഇറാന്‍ ആണവകരാര്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസിനെ ബോധിപ്പിക്കുന്നതിനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടി. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ ഇറാനുമായി ബന്ധമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ഇയു ഉപരോധം ചുമത്താനാണ് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ലക്ഷ്യമിടുന്നതെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
ഉപരോധം സംബന്ധിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ രേഖകള്‍ യൂറോപ്യന്‍ യൂനിയന്‍ ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. ഇയുവിലെ 28 അംഗരാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചാലാണ് ഉപരോധം പ്രാബല്യത്തിലാക്കാന്‍ സാധിക്കുക. ഇറാന്‍ അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുന്നതിനായാണ് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും പങ്കാളികളായ ആണവകരാര്‍ ലക്ഷ്യമിടുന്നത്. കരാര്‍പ്രകാരം അണ്വായുധങ്ങള്‍ വികസിപ്പിക്കാതിരിക്കുന്നതിനു പകരമായി ഇറാനെതിരായ ഉപരോധങ്ങള്‍ റദ്ദാക്കാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍, 2015ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്ത് അംഗീകരിച്ച ഇറാനുമായുള്ള കരാറില്‍ നിന്നു പുറത്തുപോവണമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നത്.
ഇറാന്‍ ആണവ കരാറില്‍ ഗുരുതര പാളിച്ചകളുള്ളതായി ആരോപിച്ച ട്രംപ് കരാര്‍ നിലനിര്‍ത്തണമെങ്കില്‍ പാളിച്ചകള്‍ പരിഹരിക്കണമെന്നു യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി യുഎസ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചു നല്‍കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top