ഇറാനെതിരേ 'അറബ് നാറ്റോ' നീക്കവുമായി യുഎസ്

വാഷിങ്ടണ്‍: ഇറാനെതിരേ ജോര്‍ദാനും ഈജിപ്തും ഉള്‍ക്കൊള്ളുന്ന അറബ് രാജ്യങ്ങളുടെ  സുരക്ഷാ-രാഷ്ട്രീയ സഖ്യം രൂപീകരിക്കാന്‍ യുഎസ് നീക്കം. ശിയാ നേതൃത്വത്തിലുള്ള ഇറാന്‍ ഭരണകൂടത്തിനെതിരേ സുന്നി അറബ് രാജ്യങ്ങളുടെ പ്രതിരോധനിര തീര്‍ക്കാനാണ് നീക്കം.
മിസൈല്‍ പ്രതിരോധം, സൈനിക പരിശീലനം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനം എന്നിവയില്‍ സഹകരിക്കാനും മേഖലയിലെ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വൈറ്റ്ഹൗസ് പ്രസ്തുത രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അറബ് നാറ്റോ എന്നാണ് വൈറ്റ് ഹൗസും പശ്ചിമേഷ്യന്‍ സഖ്യങ്ങളും ഇതിനെ വിശേഷിപ്പിക്കുന്നത്്. മിഡില്‍ ഈസ്റ്റ് സ്ട്രാറ്റജിക് അലയന്‍സ് (മെസ) എന്നപേരില്‍ സഖ്യം രൂപീകരിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 12, 13 തിയ്യതികളില്‍ വാഷിങ്ടണില്‍ യോഗം ചേര്‍ന്നതായും വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. അത് മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ശ്രമമായിരുന്നുവെന്നും ഇപ്പോഴും തുടരുന്നുണ്ടെന്നും വൈറ്റ്ഹൗസ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശന സമയത്ത് സൗദി അധികൃതരാണ് ഇക്കാര്യം നിര്‍ദേശിച്ചത്.  ഇറാന്റെ ഭീകരവാത പ്രവര്‍ത്തനങ്ങളെ തടയാനും സ്ഥിരത നിലനിര്‍ത്താനുമാണ് മെസ രൂപീകരിച്ചതെന്നും വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.

RELATED STORIES

Share it
Top