ഇറാനും ജപ്പാനും വന്‍കരയുടെ പ്രതീക്ഷകള്‍

മോസ്‌കോ: ലോകത്തെ ഏറ്റവും വലിയ വന്‍കരയുടെ പ്രതിനിധികളായി ഇക്കുറി റഷ്യയിലെത്തിയിട്ടുള്ളത് അഞ്ച് ടീമുകള്‍ മാത്രമാണ്. ഇതില്‍ സൗദി അറേബ്യ, ദക്ഷിണകൊറിയ, ആസ്‌ത്രേലിയ ടീമുകള്‍ക്ക് ആദ്യ മല്‍സരങ്ങളില്‍ത്തന്നെ കാലിടറി. എന്നാല്‍ ആദ്യ റൗണ്ട് അവസാനിക്കുമ്പോള്‍ ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ച് ഇറാനും ജപ്പാനും ഏഷ്യന്‍ പ്രതീക്ഷകള്‍ക്കു പുതുജീവന്‍ നല്‍കുകയാണ്.
ആദ്യ മല്‍സരത്തില്‍ത്തന്നെ തോല്‍വിയോടെയായിരുന്നു ഏഷ്യന്‍ ടീമുകളുടെ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ആതിഥേയരായ റഷ്യയോട് സൗദി അറേബ്യ അടിയറവ് പറഞ്ഞത്. പിന്നീട് നടന്ന ആസ്‌ത്രേലിയ-ഫ്രാന്‍സ് മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് ജേതാക്കളായെങ്കിലും പൊരുതിയ ശേഷമാണ് ആസ്‌ത്രേലിയ കീഴടങ്ങിയത്. മറ്റൊരു മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്വീഡന്‍ ദക്ഷിണകൊറിയയെയും പരാജയപ്പെടുത്തി.
ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ ഒരു ഗോളിന് തകര്‍ത്ത് ഇറാനാണ് ഏഷ്യന്‍ ടീമുകള്‍ക്ക് ആദ്യജയം സമ്മാനിച്ചത്. ഇരു ടീമുകളും പൊരുതിക്കളിച്ചെങ്കിലും മൊറോക്കന്‍ താരം വഴങ്ങിയ സെല്‍ഫ്‌ഗോളിനായിരുന്നു ഇറാന്റെ ജയം. കഴിഞ്ഞദിവസം നടന്ന മല്‍സരത്തില്‍ കരുത്തരായ   കൊളംബിയയെ അട്ടിമറിച്ച് പുതുചരിത്രം രചിച്ചിരിക്കുകയാണ് ജപ്പാന്‍. ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ പരാജപ്പെടുത്താന്‍ ഏഷ്യക്കാര്‍ക്കായിട്ടില്ലെന്ന ചരിത്രമാണ് ജപ്പാന്‍ ഇത്തവണ തിരുത്തിയിരിക്കുന്നത്. ജപ്പാന്റെയും ഇറാന്റെയും ജയത്തോടെ ഏഷ്യന്‍ വന്‍കരയ്ക്കാകെ പുത്തനുണര്‍വാണ് കൈവന്നിരിക്കുന്നത്. ഗ്രൂപ്പ് എച്ചിലെ ശക്തരായി വിശേഷിപ്പിച്ചിരുന്ന കൊളംബിയയെ അട്ടിമറിച്ചത് ജപ്പാന് കുറച്ചൊന്നുമല്ല ആത്മവിശ്വാസം പകരുന്നത്. താരതമ്യേന കൊളംബിയയേക്കാള്‍ കരുത്ത് കുറഞ്ഞവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അതേസമയം സ്വീഡനോട് പരാജയപ്പെട്ട കൊറിയക്ക് നേരിടേണ്ടത് ജര്‍മനിയോടും മെക്‌സിക്കോയോടുമാണ്.
2014 ലോകകപ്പില്‍ ഏഷ്യന്‍ ടീമുകളൊന്നും ഒരു ജയം പോലും സ്വന്തമാക്കിയിരുന്നില്ല. 2002ല്‍ ആതിഥേയരായ ദക്ഷിണകൊറിയ സെമിഫൈനലിലെത്തിയതാണ് ലോകകപ്പില്‍ ഒരു ഏഷ്യന്‍ ടീം കൈവരിച്ച ഏറ്റവും വലിയ നേട്ടം. അന്ന് ജര്‍മനിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് സെമിയില്‍ ദക്ഷിണകൊറിയ അടിയറവ് പറഞ്ഞത്.
1966ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഉത്തര കൊറിയ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് പിന്നെയുള്ള നേട്ടം. 2010ല്‍ ജപ്പാനും ദക്ഷിണകൊറിയയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചെങ്കിലും 2014 ഒരു ജയംപോലും സ്വന്തമാക്കാന്‍ ഈ ടീമുകള്‍ക്കായില്ല.

RELATED STORIES

Share it
Top