ഇറാനി കപ്പ് കിരീടം വിദര്‍ഭയ്ക്ക്നാഗ്പൂര്‍: ഇറാനി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം വിദര്‍ഭയ്ക്ക്. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ മല്‍സരം സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യ ഇന്നിങ്‌സില്‍ നേടിയ ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. വിദര്‍ഭയുടെ ആദ്യ ഇറാനി കപ്പ് കിരീടമാണിത്. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ വസിം ജാഫറാണ് (286) കളിയിലെ താരം.ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയ്ക്ക് വേണ്ടി വസിം ജാഫറിന്റെ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ ഗണേഷ് സതീഷ് (120), അപൂര്‍വ് വാങ്കഡെ (157*) എന്നിവരും സെഞ്ച്വറി നേടിയതോടെ ഒന്നാം ഇന്നിങ്‌സ് 226.3 ഓവറില്‍ ഏഴ് വിക്കറ്റിന് 800 റണ്‍സെന്ന നിലയില്‍ വിദര്‍ഭ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഫായിസ് ഫസല്‍ (89), സഞ്ജയ് രാമസ്വാമി (53) എന്നിവരും വിദര്‍ഭയുടെ ബാറ്റിംഗ് നിരയില്‍ തിളങ്ങി. വിദര്‍ഭയുടെ കൂറ്റന്‍ സ്‌കോറിന് മറുപടിക്കിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ച നേരിട്ടെങ്കിലും 183 റണ്‍സെടുത്ത ഹനുമാന്‍ വിഹാരിയും 96 റണ്‍സെടുത്ത ജയന്ത് യാദവും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് 390 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിച്ചു. യുവതാരം പൃഥി ഷാ (51) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. വിദര്‍ഭയ്ക്ക് വേണ്ടി രജനീഷ് ഗുര്‍ബാനി നാലും ആദിത്യ സര്‍വതേ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ 410 റണ്‍സിന്റെ ലീഡും വിദര്‍ഭയ്‌ക്കൊപ്പം നിന്നു.കൂറ്റന്‍ ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിദര്‍ഭ വിക്കറ്റ് പോവാതെ 79 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മല്‍സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അക്ഷയ് വഡ്കര്‍ (50), സഞ്ജയ് രാമസ്വാമി (27) എന്നിവര്‍ പുറത്താവാതെ നിന്നു. ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭ ഇറാനി കപ്പ് ജേതാക്കളാവുകയും ചെയ്തു.

RELATED STORIES

Share it
Top