ഇറാനില്‍ സര്‍ക്കാര്‍ അനുകൂല റാലികള്‍

തെഹ്‌റാന്‍: ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഇറാനില്‍ സര്‍ക്കാര്‍ അനുകൂല റാലികള്‍ നടന്നു. ഇറാന്‍ പതാകയും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ചിത്രങ്ങളുമേന്തിയാണ് സര്‍ക്കാര്‍ അനുകൂലികള്‍ തെരുവിലിറങ്ങിയത്.
തെക്കുപടിഞ്ഞാറന്‍ പട്ടണങ്ങളായ കെര്‍മാന്‍ഷാ, ഇലാം, വടക്കന്‍ നഗരമായ ഗോര്‍ഗാന്‍ എന്നിവിടങ്ങളില്‍ നടന്ന റാലികളുടെ ദൃശ്യങ്ങള്‍ ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. ഷിയാക്കളുടെ വിശുദ്ധ നഗരമായ ഖ്വാമില്‍ നടന്ന റാലിയില്‍ യുഎസ് വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നു. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഇസ്ഫഹാന്‍, അബദാന്‍ എന്നിവിടങ്ങളിലും സര്‍ക്കാര്‍ അനുകൂല റാലികള്‍ നടന്നു. പ്രക്ഷോഭങ്ങള്‍ക്കിടെ ഒരാഴ്ചയ്ക്കുള്ളില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച മാത്രം ആറുപേരാണ് കൊല്ലപ്പെട്ടത്
അതേസമയം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അറിയിച്ചതായി തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി റൂഹാനി ടെലഫോണില്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. പ്രക്ഷോഭത്തെക്കുറിച്ച് റൂഹാനിയുമായി ചര്‍ച്ച നടത്തിയതായും ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നതായും ഉര്‍ദുഗാന്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top