ഇറാനില്‍ പ്രക്ഷോഭം ശക്തമാവുന്നു; മരണം 12 ആയി

തെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെ ഞായറാഴ്ച 10 പേര്‍ കൊല്ലപ്പെട്ടതായി സ്‌റ്റേറ്റ് ടെലിവിവിഷന്‍ റിപോര്‍ട്ട് ചെയ്തു. പ്രക്ഷോഭത്തിനിടെ ഞായറാഴ്ച രാത്രി വിവിധ നഗരങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തത്. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. പ്രക്ഷോഭകര്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ടെലിവിഷഷന്‍ പുറത്തുവിട്ടു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇറാന്‍ റെവല്യൂഷനറി ആര്‍മിയുടെ ഭീഷണിക്കിടയിലും ഞായറാഴ്ച സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ നഗരമായ ഐസഹില്‍ ഞായറാഴ്ച രണ്ടുപേര്‍ മരിച്ചതായി ഒരു പാര്‍ലമെന്റഗം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇറാനിലെ രണ്ടാമത്തെ പ്രധാന നഗരമായ മഷ്ഹദില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും ആരോപിച്ചു പ്രക്ഷോഭം ആരംഭിച്ചത്. തുടര്‍ന്ന്, സമരം മറ്റു നഗരങ്ങളിലേക്കു വ്യാപിച്ചു. 2009ലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ഇറാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. രാജ്യത്തെ ശക്തമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ ജീവിതം ദുരിതത്തിലാക്കിയതായും തൊഴിലില്ലായ്മ 28.8 ശതമാനമായി വര്‍ധിച്ചതായും പ്രക്ഷോഭകര്‍ പറഞ്ഞു. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഈ രാജിവയ്ക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. 400ലധികം പേര്‍ അറസ്റ്റിലായതായി റിപോര്‍ട്ടുണ്ട്. നൂറുകണക്കിനു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്്്. തെഹ്‌റാനില്‍ പ്രക്ഷോഭകാരികള്‍ക്കെതിരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. തലസ്ഥാനമായ തെഹ്‌റാനിലടക്കം 50 നഗരങ്ങളില്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള അജ്ഞാത സന്ദേശം വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായും റിപോര്‍ട്ടുണ്ട്്. ജനങ്ങള്‍ക്ക് സമരം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത് ആക്രമണത്തിന്റെ മാര്‍ഗത്തിലാവരുതെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.  പൊതു മുതല്‍ നശിപ്പിക്കുന്നവരോട് രാജ്യം സഹിഷ്ണുത കാണിക്കില്ല. സമാധാനപരമായി സമരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ശനിയാഴ്ച ദുറൂദ് നഗരത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് മൊബൈല്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.  ഇറാന്‍ നേതാക്കള്‍ക്കെതിരേ ആരോപണവുമായി ട്രംപ് വീണ്ടും രംഗത്തെത്തി. ഇറാന്‍ ജനത വര്‍ഷങ്ങളോളമായി അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് അവര്‍ സമരം ചെയ്യുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

RELATED STORIES

Share it
Top