ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങരുതെന്നു യുഎസ്‌

വാഷിങ്ടണ്‍:  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതു നവംബര്‍ നാലോടെ അവസാനിപ്പിക്കണമെന്നു യുഎസിന്റെ മുന്നറിയിപ്പ്. ഇതു പാലിക്കാത്ത രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്്. യുഎസ് ആഭ്യന്തര, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥര്‍ വരും ആഴ്ചകളില്‍ ഇന്ത്യയിലും ചൈനയിലും സന്ദര്‍ശനം നടത്തുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
ഇറാനെതിരേ ഏര്‍പ്പെടുത്തിയ വാണിജ്യ ഉപരോധം ഇന്ത്യന്‍, ചൈനീസ് കമ്പനികള്‍ക്കും ബാധകമാണെന്നു   ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ അളവ് കുറച്ചു തുടങ്ങണമെന്നും നവംബര്‍ നാലോടെ പൂര്‍ണമായി അവസാനിപ്പിക്കണമെന്നുമാണ് യുഎസ് നിര്‍ദേശം. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും യുഎസ്  ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാഷ്ട്രീയമായും സാമ്പത്തികമായും ഇറാനെ ഒറ്റപ്പെടുത്താനുള്ള യുഎസ്് നീക്കത്തിന്റെ ഭാഗമാണിത്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്് ചൈനയാണ്. ഇന്ത്യ രണ്ടാംസ്ഥാനത്തും.
ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് കഴിഞ്ഞ മാസം യുഎസ് പിന്‍മാറുകയും ഉപ—രോധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ യുഎന്‍ ഉപരോധം മാത്രമേ പാലിക്കുകയുള്ളൂവെന്നും ഒരു രാജ്യത്തിന്റെയും ഏകപക്ഷീയ ഉപരോധ നടപടികളെ പിന്തുടരില്ലെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് നിലപാടു കര്‍ശനമാക്കിയതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചു. ചൊവ്വാഴ്ച ക്രൂഡ് ഓയില്‍ വില മൂന്നു ശതമാനം വര്‍ധിച്ചതായും റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top