ഇറാഖ് സേന മൗസിലിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ബഗ്ദാദ്: മൗസിലിലെ ഐഎസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി ഇറാഖ്‌സേന പുതിയ നീക്കം ആരംഭിച്ചു. മൗസില്‍ നഗരത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സൈന്യം പുതിയ മുന്നേറ്റം ആരംഭിച്ചതായി ഇറാഖ് ആഭ്യന്തര സുരക്ഷാവിഭാഗം അറിയിച്ചു. ഇറാഖി സേനയുടെ 9ാം സായുധ വിഭാഗവും ദ്രുത പ്രതികരണ സേനാവിഭാഗവുമാണ് സൈനിക നീക്കത്തില്‍ പങ്കാളികളാവുന്നത്. മൗസിലില്‍ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ മാത്രമാണ് നിലവില്‍ ഐഎസ് സാന്നിധ്യമുള്ളൂവെന്നാണ് റിപോര്‍ട്ടുകള്‍. പുരാതന നഗരഭാഗങ്ങളും പ്രശസ്തമായ അല്‍നൂരി മസ്ജിദും അടക്കമുള്ള മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് വടക്കുപടിഞ്ഞാറന്‍ മൗസില്‍. നഗരത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിക്കു സമീപം മുഷരിഫാ, കാനിസാഹ്, അല്‍ഹറാമത് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇറാഖ് സംയുക്ത സൈനികസംഘം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യ റസൂല്‍ അറിയിച്ചു. സൈനിക നീക്കം ആരംഭിച്ച്്് ആദ്യ മണിക്കൂറുകളില്‍ തന്നെ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതായും അദ്ദേഹം അറിയിച്ചു. നിലവില്‍ ഇറാഖിന്റെ ഏഴു ശതമാനം മേഖലകളാണ് ഐഎസ് നിയന്ത്രണത്തിലെന്നാണ് ഔദ്യോഗിക കണക്കുകള്‍. മൗസിലില്‍ അല്‍ നുസ്‌റി പള്ളിയുള്‍പ്പെടുന്ന പ്രദേശം തിരിച്ചുപിടിക്കുന്നത് ഇറാഖ് സേനയ്ക്ക് നിര്‍ണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. തെക്കുപടിഞ്ഞാറന്‍ മൗസിലില്‍ നിന്നുള്ള ഇറാന്‍ സൈനിക സംഘങ്ങള്‍  ഈ പ്രദേശം ലക്ഷ്യമാക്കി മുന്നേറുന്നതായാണ് റിപോര്‍ട്ട്.

RELATED STORIES

Share it
Top