ഇറാഖ് അധിനിവേശം ഓര്‍മിപ്പിച്ച് യുഎസ് നീക്കം

വാഷിങ്ടണ്‍: 15 വര്‍ഷം മുമ്പുള്ള ഇറാഖ് അധിനിവേശത്തെ ഓര്‍മിപ്പിച്ച് ആണവ കരാറില്‍ നിന്നു പിന്‍മാറിക്കൊണ്ടുള്ള യുഎസ് നീക്കം. ഇറാഖ് സര്‍വസംഹാര ശേഷിയുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കുന്നുവെന്നും അല്‍ഖാ ഈദയുമായി ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചായിരുന്നു ഇറാഖിലെ യുഎസ് അധിനിവേശം.
ഇറാഖിനെതിരായ ആരോപണങ്ങള്‍ കള്ളമാണെന്നു പിന്നീട് തെളിയുകയും ചെയ്തു. ഇപ്പോള്‍ ആണ്വായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്നും സായുധ സംഘടനകളെ പിന്‍തുണയ്ക്കുന്നുവെന്നും ആരോപിച്ച് ഇറാനു നേര്‍ക്കും സമാനമായ നീക്കമാണു ഡോണള്‍ഡ് ട്രംപ് നടത്തുന്നത്. 2003ലെ ഇറാഖ് അധിനിവേശവും ഇപ്പോഴത്തെ ഇറാനെതിരായ നീക്കവും തമ്മില്‍ അപകടകരമായ സാമ്യതകളുള്ളതായി യുഎസിലെ ഉന്നത നയതന്ത്ര വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ കുറേ പതിറ്റാണ്ടുകള്‍ക്കിടയിലെ യുഎസിന്റെ ഏറ്റവും വലിയ വിദേശകാര്യ നയപരാജയമെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്ന ഇറാഖ് അധിനിവേശത്തില്‍ 4,400 യുഎസ് സൈനികരും ലക്ഷക്കണക്കിന് ഇറാഖ് സ്വദേശികളുമാണു കൊല്ലപ്പെട്ടത്. ഇറാഖ് അധിനിവേശ കാലത്തും ഇറാനെതിരായ നീക്കത്തിലും അസ്വാസ്ഥ്യ ജനകമായ സാമ്യതകളുള്ളതായി 2001 മുതല്‍ 2005 വരെ യുഎസിലെ രഹസ്യാന്വേഷണ വിശകലന വിദഗ്ധരില്‍ മുന്‍നിരയില്‍ നിന്ന പോള്‍ പില്ലര്‍ അഭിപ്രായപ്പെട്ടു.
തികച്ചും പക്ഷപാതപരവും വ്യക്തമായി ഒരു രാജ്യത്തെ ലക്ഷ്യമിട്ടതുമായ ഇന്റലിജന്‍സ് ദുരുപയോഗമാണു നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇറാനുമായി ആണവ കരാറില്‍ നിന്ന് യുഎസ് പിന്‍മാറിയത്. സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിനു പകരമായി ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തുമെന്ന വ്യവസ്ഥയായിരുന്നു 2005ല്‍ ഒപ്പുവച്ച കരാര്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ തുടരുന്നുവെന്നും ആണ്വായുധങ്ങള്‍ നിര്‍മിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് പ്രചരിപ്പിച്ചിരുന്നു. കരാറിന് അനുസൃതമായാണോ ഇറാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെയോ, യുഎസ് രഹസ്യാന്വേഷണ സമൂഹത്തിന്റെയോ വിശകലനങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ട്രംപിന്റെ നടപടി.
കരാറുമായി ബന്ധപ്പെട്ട ഇറാന്‍ രഹസ്യരേഖകളെന്നും പറഞ്ഞ് ഇസ്രായേല്‍ പുറത്തുവിട്ട ഇന്റര്‍നെറ്റില്‍ ലഭ്യമായ രേഖകളായിരുന്നു ട്രംപ് തന്റെ വാദത്തെ സാധൂകരിക്കാന്‍ മുന്നോട്ടുവച്ചത്. ഇസ്രായേലിന്റെ ആരോപണങ്ങള്‍ ബാലിശവും അസംബന്ധവുമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം.

RELATED STORIES

Share it
Top