ഇറന്‍ പൊരുതി വീണു; ജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്ത് സ്‌പെയിന്‍കസാന്‍: ഗ്രൂപ്പ് ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇറാനെതിരേ സ്‌പെയിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പട വിജയം പിടിച്ചത്. മല്‍സരത്തിന്റെ അവസാന മിനിറ്റ് വരെ ശക്തമായ പോരാട്ടം ഇറാന്‍ കാഴ്ചവച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു.
ഇരു ടീമും 4-2-3-1 ഫോര്‍മാറ്റിലാണ് ബൂട്ടണിഞ്ഞത്. താരസമ്പന്നതയില്‍ ഏറെ മുന്നിലുള്ള സ്പാനിഷ് നിരയ്ക്ക് മുന്നില്‍ തുടക്കം മുതല്‍ ഇറാന്‍ പ്രതിരോധം വന്‍മതില്‍ പണിതപ്പോള്‍ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. 73 ശതമാനം സമയത്തും പന്തടക്കിവച്ച സ്‌പെയിന്‍ ആദ്യ പകുതിയില്‍ മാത്രം 10 തവണയാണ് ഗോള്‍ശ്രമം നടത്തിയത്.
ഒടുവില്‍ രണ്ടാം പകുതിയുടെ 54ാം മിനിറ്റില്‍ സ്‌പെയിന്‍ ലീഡെടുത്തു. ഇറാന്‍ പ്രതിരോധത്തിന്റെ വീഴ്ചയെ മുതലെടുത്ത് ഡീഗോ കോസ്റ്റയാണ് സ്‌പെയിന് വേണ്ടി ലക്ഷ്യം കണ്ടത്. കഴിഞ്ഞ മല്‍സരത്തില്‍ പോര്‍ച്ചുഗലിനെതിരേ കോസ്റ്റ ഇരട്ട ഗോളുകളും നേടിയിരുന്നു. 1-0ന് സ്‌പെയിന്‍ മുന്നില്‍. തൊട്ടുപിന്നാലെ ഇറാന്‍ താരം ഇസതൊലാഹി ഫ്രീകിക്കിലൂടെ പന്ത് വലയിലാക്കിയെങ്കിലും വാറില്‍ അത് ഓഫ്‌സൈഡാണെന്ന് വിധിക്കുകയായിരുന്നു. പിന്നീട് ഗോളകന്ന് നിന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം സ്‌പെയിനൊപ്പം നിന്നു.
ജയത്തോടെ പ്രീക്വാര്‍ട്ടര്‍ സാധ്യത സ്‌പെയിന്‍ സജീവമാക്കിയപ്പോള്‍ തോല്‍വി വഴങ്ങിയ ഇറാന്‍ പ്രതീക്ഷയും അസ്തമിച്ചിട്ടില്ല. മൂന്ന് പോയിന്റ് അക്കൗണ്ടിലുള്ള ഇറാന് പോര്‍ച്ചുഗലിനെതിരായ അടുത്ത മല്‍സരം നിര്‍ണായകമാണ്. മൊറോക്കോയാണ് സ്‌പെയിന്റെ അടുത്ത എതിരാളി.

RELATED STORIES

Share it
Top