ഇറനെതിരേ സ്‌പെയ്‌നിന് ഒരു ഗോള്‍ ജയം


കസാന്‍:  കളിയുടെ 54ാം മിനിറ്റില്‍ ഇറാന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് സ്‌പെയ്‌നിന്റെ ജയം. ഡീഗോ കോസ്റ്റയാണ് സ്‌പെയ്‌നിന് വേണ്ടി വിജയ ഗോള്‍ നേടിയത്.

ഇനിയേസ്റ്റ കൊടുത്ത പാസ് മാര്‍ക്ക് ചെയ്ത താരത്തെ വെട്ടിച്ച് കോസ്റ്റ കാലിലാക്കി. എന്നാല്‍, ഇറാന്റെ റാമിന്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചത് പിഴച്ചു,  പന്ത് കോസ്റ്റയുടെ കാലിലിടിച്ച് നെറ്റില്‍. ഇതോടെ മുന്‍ ചാംപ്യന്‍മാര്‍ രണ്ടാം മല്‍സരം 1-0ന് സ്വന്തമാക്കി.

കരുത്തരായ സ്‌പെയ്‌നിനോട് കളിയുടെ ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ ഇറാന്‍ പിടിച്ചു നിന്നു. ഇറാന്‍ ഗോള്‍മുഖത്ത് സ്‌പെയിന്‍ നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും എല്ലാം ഇറാന്‍ പ്രതിരോധത്തിന് മുന്നില്‍ തട്ടിത്തകര്‍ന്നു.  ഒരു ഗോള്‍ വീണതോടെയാണ് ഇറാനും ആക്രമിച്ച് കളിച്ചു തുടങ്ങിയത്. തുടര്‍ന്ന് ശ്രദ്ധേയമായ ചില നീക്കങ്ങള്‍ ഇറാന്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല

ഗ്രൂപ്പ് ബിയില്‍ ഇറാനെതിരെയുള്ള രണ്ടാം മത്സരത്തില്‍ ശക്തരായ സ്പാനിഷ് പടയ്ക്ക് വിജയം അത്യാവശ്യമായിരുന്നു. സമനിലയും തോല്‍വിയും അവരുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. അതേസമയം, ആദ്യമത്സരത്തില്‍ മൊറോക്കയെ തോല്‍പ്പിച്ച് മൂന്ന് പോയന്റ് അകൗണ്ടിലാക്കിയ ഇറാന് സമനില പിടിച്ചാലും  പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. അതു കൊണ്ട് തന്നെ തുടക്കം മുതല്‍ സമനിലയ്ക്ക് വേണ്ടിയായിരുന്നു ഇറാന്റെ ശ്രമം.

ആദ്യ മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ ഒറ്റയാള്‍ മികവില്‍ കളിച്ച പോര്‍ച്ചുഗലിനോട് അവസാന നിമിഷത്തിലാണ് സ്‌പെയ്ന്‍ സമനില വഴങ്ങിയിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇറാനും സ്‌പെയ്‌നും ഇതാദ്യമായാണ് പരസ്പരം ഏറ്റുമുട്ടുന്നത്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top