ഇറച്ചിവ്യാപാരികളെ ആക്രമിച്ച പ്രതിയുടെ വീടാക്രമണം: അഞ്ചുപേര്‍ കസ്റ്റഡിയില്‍

പറശ്ശിനിക്കടവ്: കൊല്ലം പുത്തൂരില്‍ ഇറച്ചിവ്യാപാരികളെ ആക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചെന്ന കേസില്‍ അഞ്ചുപേരെ പറശ്ശിനിക്കടവില്‍നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തു. ഷാനവാസ്, റിംഷാദ്, അമീന്‍, നിസാം, അജ്‌വാന്‍ എന്നിവരെയാണ് കൊല്ലത്തുനിന്നെത്തിയ അന്വേഷണസംഘം തളിപ്പറമ്പ് പോലിസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്യാനായി കൊല്ലത്തേക്ക് കൊണ്ടുപോയി. പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും പറശ്ശിനിക്കടവിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ പുത്തൂര്‍ തെക്കുംപുറത്ത് വിഷ്ണുവിന്റെ വീടാക്രമിച്ചെന്ന കേസിലാണു നടപടി.
ജൂണ്‍ 28നു രാവിലെ വയ്യങ്കര ചന്തയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് കന്നുകാലികളുമായി പോയ മിനിലോറി വിഷ്ണുവും സുഹൃത്തും തടഞ്ഞുനിര്‍ത്തി ഇറച്ചിവ്യാപാരികളെ ആക്രമിച്ചിരുന്നു. കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് മുസ്‌ല്യാര്‍ മന്‍സിലില്‍ ജലാലുദ്ദീന്‍ (54), ഡ്രൈവര്‍ കുളപ്പാടം നെടുമ്പന മുട്ടക്കാവ് കുളപ്പുറത്ത് പടിഞ്ഞാറ്റേതില്‍ സാബു (39), ജലാലുദീന്റെ സഹോദരീഭര്‍ത്താവ് കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് അല്‍ഫിയ മന്‍സിലില്‍ ജലീല്‍ (44) എന്നിവരെയാണ് ക്രൂരമായി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ വിഷ്ണു(26)വിനെയും സുഹൃത്ത് ഗോകുലി(28)നെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു വിഷ്ണുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതെന്ന് പോലിസ് പറഞ്ഞു. സംഘത്തിലുള്‍പ്പെട്ട അബ്ദുല്‍ ജബ്ബാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top