ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കല്‍; ട്രംപിനെ പരിഹസിച്ച് ചൈനീസ് മാധ്യമങ്ങള്‍

ബെയ്ജിങ്: ചൈനീസ് വസ്തുക്കള്‍ക്ക് അധിക ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ചൈനീസ് മാധ്യമങ്ങള്‍. ബുദ്ധിയുള്ളവര്‍ പാലം പണിയുമ്പോള്‍ വിഡ്ഢികള്‍ മതില്‍ പണിയുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ എഴുതിയത്. 50 ബില്യണ്‍ വിലയുള്ള ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി വര്‍ധിപ്പിക്കാന്‍ യുഎസ് തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇതു പ്രഖ്യാപിച്ചത്. ട്രംപിനു മറുപടിയായി 659 ഇനം യുഎസ് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധികച്ചുങ്കം ഏര്‍പ്പെടുത്തുമെന്നു ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം ഓഹരി കമ്പോളത്തേയും ബാധിച്ചു. അന്താരാഷ്ട്ര ഓഹരി വിപണി ഇന്നലെ കുത്തനെയിടിഞ്ഞു. യുഎസ് നികുതി വര്‍ധിപ്പിച്ചത് 800ഓളം ചൈനീസ് ഉല്‍പന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കും. പ്രതിവര്‍ഷം 34 ബില്യണ്‍ കോടി ഡോളറിന്റെ വ്യാപാരത്തെയാണ് ഇതു ബാധിക്കുക.

RELATED STORIES

Share it
Top