ഇരുമ്പുഴി അങ്ങാടിയിലെ ഈ കുഴി ആര് നന്നാക്കും..?

മലപ്പുറം: ഇരുമ്പുഴി ടൗണില്‍ റോഡില്‍ കുഴി രൂപപ്പെട്ടിട്ട് മാസം ഒന്ന് പിന്നിട്ടിട്ടും നന്നാക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. കുഴിയുണ്ടായത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളം പമ്പ് ചെയ്യുമ്പോള്‍ കുടിവെള്ളം പാഴാവുന്നതാണ് നാട്ടുകാരുടെ ഒരു ദുരിതം. ഇതിന് പുറമെ വാഹനങ്ങള്‍ കുഴിയില്‍ വീഴാനുള്ള അപകട സാധ്യതയാണ് മറ്റൊന്ന്. റോഡ് പണിക്കിടെയാണ് പൈപ് പൊട്ടിയതെന്നാണ് വാട്ടര്‍ അതോറിറ്റി നല്‍കുന്ന സൂചന.
എന്നാല്‍, റോഡ് നിര്‍മാണത്തിന് മുമ്പേ തന്നെ വെള്ളം ഒഴുകിപ്പോവുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാരും. ചുരുക്കത്തില്‍ വെള്ളം പമ്പു ചെയ്യുമ്പോഴാണ് കുഴിയുടെ വ്യാപ്തി വര്‍ധിക്കുന്നത്. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി മാത്രം ഉണ്ടായിട്ടില്ല. ആനക്കയം ഗ്രാമപ്പഞ്ചായത്തില്‍ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് പൈപ് കണക്്ഷന്‍ ഇല്ലെന്നായിരുന്നു മറുപടി. റോഡ് നിര്‍മാണക്കാരായ യുഎല്‍സിസിയുമായി ബന്ധപ്പെട്ടപ്പോള്‍ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെടാനാണ് ആവശ്യം. ഞങ്ങളല്ല ഇതിന് ഉത്തരവാദികളെന്നാണ് ജല അതോറിറ്റി പറയുന്നത്. നാടുകാണി- പരപ്പനങ്ങാടി പാതയില്‍പെട്ട ഈ ഭാഗത്തെ റോഡ് നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.

RELATED STORIES

Share it
Top