ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞു

ശബരിമല: ശബരിമല വലിയ നടപ്പന്തലില്‍ ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീയെ പ്രായത്തില്‍ സംശയമുന്നയിച്ച് പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു. തിരുച്ചിറപ്പിള്ളി സ്വദേശി ലതയെയാണ് തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തത്. തനിക്ക് 52 വയസ്സുണ്ടെന്ന് ലത തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു ബോധ്യപ്പെടുത്തിയിട്ടും സംശയം തീരാതെ പ്രതിഷേധക്കാര്‍ വഴിയിലുടനീളം ഇവരെ തടയാന്‍ ശ്രമിച്ചു. പോലിസിന്റെ കനത്ത സുരക്ഷയിലാണ് ഇവര്‍ ദര്‍ശനം നടത്തിയത്. ഭര്‍ത്താവ് കുമരനും മകന്‍ ശിവയ്ക്കും ഒപ്പമാണു ലത ശബരിമലയിലെത്തിയത്.
പ്രായം സംബന്ധിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ച് തടഞ്ഞതോടെ ഇവരെ പോലിസ് വളഞ്ഞു സുരക്ഷയൊരുക്കി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് പോലിസ് സംരക്ഷണയില്‍ സ്ത്രീ വരുന്നെന്ന മട്ടിലായിരുന്നു പ്രതിഷേധക്കാരുടെ നീക്കങ്ങള്‍. ഇതോടെ ലത ഭയന്നുപോയ അവസ്ഥയിലുമായി. താന്‍ ഇതിന് മുമ്പ് ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ആദ്യമായാണെന്നും ലത പറഞ്ഞു.

RELATED STORIES

Share it
Top