ഇരിട്ടി ലീഗ് ഓഫിസിലെ സ്‌ഫോടനംനാലു നേതാക്കള്‍ അറസ്റ്റില്‍

ഇരിട്ടി: ഇരിട്ടി ടൗണ്‍ മുസ്‌ലിംലീഗ് ഓഫിസ് കെട്ടിടമായ സിഎച്ച് സ്മാരക സൗധത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും ആയുധശേഖരം പിടികൂടിയ സംഭവത്തിലും നാല് മുസ്‌ലിം ലീഗ് നേതാക്കള്‍ അറസ്റ്റില്‍. മുസ്‌ലിം ലീഗ് ഇരിട്ടി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് കീഴൂര്‍ സജ്‌ന മന്‍സിലില്‍ പി പി നൗഷാദ് (42), വൈസ് പ്രസിഡന്റ് കീഴൂര്‍ കെടി ഹൗസില്‍ കെ ടി മുഹമ്മദ് (48), ജനറല്‍ സെക്രട്ടറി കീഴൂര്‍ ശിഹാബ് മന്‍സിലില്‍ പി സക്കറിയ്യ (42), സെക്രട്ടറി ആറളം ക്രസന്റ് മന്‍സിലില്‍ എന്‍ കെ ഷറഫുദ്ദീന്‍ (48) എന്നിവരെയാണ് ഇരിട്ടി സിഐ രാജേഷ് വാഴവളപ്പില്‍ അറസ്റ്റ് ചെയ്തത്. ആയുധ-സ്ഫോടക നിരോധന നിയമ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം 28നാണു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 1.30ഓടെ ഇരിട്ടി പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ മുസ്‌ലിം ലീഗ് ഓഫിസ് കെട്ടിടമായ സിഎച്ച് സ്മാരക സൗധത്തിലാണ് നഗരത്തെ നടുക്കിയ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഓഫിസ് കോണ്‍ഫറന്‍സ് ഹാളിന്റെ ഒരുഭാഗം തകരുകയും ജനല്‍ച്ചില്ല് പൊട്ടിത്തെറിക്കുകയും ഫര്‍ണിച്ചറുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. ചുവരിലെ സിമന്റ് കട്ടകള്‍ തെറിച്ച് കെട്ടിടത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന 4 കാറുകള്‍ക്കും കേടുപാട് പറ്റി. സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് സ്ഥിരീകരിച്ചതോടെ പോലിസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പൊട്ടിയത് ഉഗ്രശേഷിയുള്ള ഐസ്‌ക്രീം ബോംബാണെന്ന് സ്ഥിരീകരിച്ചത്. ബോംബിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് ഓഫിസിന്റെ കോണിക്കു സമീപം ചാക്കില്‍ കെട്ടിയ ആയുധങ്ങളും മൂന്ന് നാടന്‍ ബോബും കണ്ടെത്തിയത്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കേസന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അറസ്റ്റിലായ നാലുപേരെയും മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top