ഇരിട്ടി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ചുവപ്പുനാടയില്‍

ഇരിട്ടി: താലൂക്ക് ആസ്ഥാനമായ ഇരിട്ടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം പ്രതിസന്ധയില്‍. താലൂക്ക് ഓഫിസ് ഉള്‍പ്പെടെ മൂന്ന് നിലകളോടു കൂടിയ സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള അപേക്ഷ ഫണ്ടില്ലെന്നു പറഞ്ഞ് ധനവകുപ്പ് മടക്കിയതോടെയാണ് പ്രതീക്ഷകള്‍ അസ്ഥാനത്തായത്.
ഇരിട്ടിക്കൊപ്പം പരിഗണനയിലുണ്ടായിരുന്ന മട്ടന്നൂരിന് സിവില്‍ സ്റ്റേഷന്‍ പണിയാന്‍ സര്‍ക്കാര്‍ 20 കോടി അനുവദിച്ചിരുന്നു. നിര്‍മാണച്ചുമതല കഴിഞ്ഞ ദിവസം ഹൗസിങ് ബോര്‍ഡിന് കൈമാറുകയും ചെയ്തു. ഇരിട്ടിയില്‍ മിനി സിവില്‍ സ്റ്റേഷന് പണം വകയിരുത്തുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. രണ്ടുവര്‍ഷം മുമ്പുതന്നെ റവന്യൂ വകുപ്പ് പദ്ധതിയുടെ രൂപരേഖ പൊതുമാരാമത്ത് വകുപ്പിന്റെ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷം ഫയല്‍ ധനവകുപ്പിന്റെ പരിഗണക്കെത്തിയപ്പോഴാണ് ഫണ്ടില്ലെന്ന കാരണം പറഞ്ഞു മടക്കിയത്.
മണ്ഡലങ്ങളില്‍ നടപ്പാക്കേണ്ട വികസന പദ്ധതികളുടെ പട്ടിക എംഎഎല്‍മാരില്‍നിന്ന് ധനമന്ത്രി ബജറ്റ് നിര്‍ദേശങ്ങളായി സ്വീകരിച്ചിരുന്നവയില്‍ പേരാവൂരില്‍നിന്ന് പ്രഥമ പരിഗണനയായി ഉണ്ടായിരുന്നത് ഇരിട്ടി മിനി സിവില്‍ സ്റ്റേഷനായിരുന്നു. ഇക്കാര്യം സണ്ണി ജോസഫ് എംഎല്‍എ നേരിട്ട്് മന്ത്രിയുടെ ശ്രദ്ധയിലും പെടുത്തി. ബജറ്റ് പ്രസംഗത്തില്‍ സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെട്ടില്ലെങ്കിലും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പണമനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കിഫ്ബിയിലും പെടുത്താതെയാണ് ഇപ്പോള്‍ ധനവകുപ്പ് ഫയല്‍ മടക്കിയത്.
10 കോടിക്ക് മുകളിലുള്ള പ്രവൃത്തികള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനവും ഇരിട്ടിയുടെ കാര്യത്തില്‍ നടപ്പായില്ല. മട്ടന്നൂരില്‍ നാമമാത്രമായ ഓഫിസുകള്‍ മാത്രമാണ് വടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇരിട്ടിയില്‍ അതല്ല സ്ഥിതി.
താലൂക്ക് ഓഫിസ്് ഉള്‍പ്പെടെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫിസുകളും പലയിടത്തായി വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. റവന്യൂ വകുപ്പിന് ടൗണിനടുത്ത് പയഞ്ചേരിയില്‍ സ്വന്തമായി സ്ഥലമുണ്ടായിട്ടും അഞ്ചുവര്‍ഷമായി താലൂക്ക് ഓഫിസ് പോലും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top