ഇരിട്ടി പാലത്തില്‍ പിക്കപ്പ് കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

ഇരിട്ടി: സിമന്റ് കട്ടകളുമായി വരികയായിരുന്ന പിക്കപ്പ് ജീപ്പ് ഇരിട്ടി പാലത്തില്‍ കുടുങ്ങി ഒരുമണിക്കൂറോളം ഇരുഭാഗത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. നിറയെ സിമന്റ് കട്ടകളും കയറ്റി ഇരിട്ടി ടൗണ്‍ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പിന്റെ ആക്‌സില്‍ ഒടിഞ്ഞതാണ് പ്രശ്‌നത്തിനു കാരണം. മുന്നോട്ടും പിന്നോട്ടും എടുക്കാനാവാതെ വാഹനം പാലത്തിന്റെ മധ്യഭാഗത്തായി. ഇതോടെ ഇരുഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയതിനാല്‍ വിദ്യാര്‍ഥികളുടെ തിരക്ക് ഇല്ലാതിരുന്നതും കുറേ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി. ഹോം ഗാര്‍ഡുകളും നാട്ടുകാരും ചേര്‍ന്ന് ചെറിയ വാഹനങ്ങളെ നിയന്തിച്ച് പാലത്തിലുണ്ടായിരുന്ന ചെറിയ ഇടത്തിലൂടെ കടത്തിവിട്ടു. ഇതിനിടയില്‍ മറ്റൊരു പിക്കപ്പ് ജീപ്പെത്തിച്ച് തകരാറായ വാഹനത്തിലെ സിമന്റ് കട്ടകള്‍ അതിലേക്ക് മാറ്റി. തകരാറായ വണ്ടിയെ വലിച്ചുനീക്കാന്‍ ക്രെയിന്‍ എത്തിച്ചെങ്കിലും അതും തകരാറായി.
തുടര്‍ന്ന് നാട്ടുകാരും ടൗണിലെ ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് പിക്കപ്പ് ജീപ്പ് പാലത്തില്‍നിന്ന് തള്ളിമാറ്റി പുറത്തെത്തിക്കുകയായിരുന്നു. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും വിളിപ്പാടകലെയുള്ള സ്റ്റേഷനില്‍നിന്ന് പോലിസെത്താന്‍ 40 മിനിട്ടോളമെടുത്തു. നാട്ടുകാരും ടൗണിലെ ഡ്രൈവര്‍മാരുമായിരുന്നു ഈ സമയം വരെ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്.

RELATED STORIES

Share it
Top