ഇരിട്ടി ടൗണ്‍ കൈയേറ്റം സ്വമേധയാ പൊളിച്ചുനീക്കിത്തുടങ്ങി

ഇരിട്ടി: ഇരിട്ടി ടൗണിലെ റവന്യൂഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ നടത്തിയ കൈയേറ്റങ്ങള്‍ സ്വമേധയാ പൊളിച്ചുനീക്കാനുള്ള റവന്യുവകുപ്പിന്റെ കാലാവധി അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ ചില കെട്ടിട ഉടമകള്‍ സ്വമേധയാ പൊളിച്ചുനീക്കാന്‍ തുടങ്ങി. തലേശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരിട്ടിയില്‍ പുതിയ പാലം വരുന്നതോടെ പട്ടണത്തിലെ റോഡിന്റെ രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരും. റോഡ് വികസനവും ടൗണ്‍ വികസനവും ഒരേസമയം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ റവന്യൂ ഭൂമിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി വ്യാപാരി സംഘടനകളുടെയും സര്‍വ കക്ഷി പ്രതിനിധികളുടെയും യോഗം വിളിക്കുകയും തുടര്‍ന്ന് ഭൂമി മുഴുവന്‍ റവന്യൂ-കെഎസ്ടിപി അധികൃതരുടെ നേതൃത്വത്തില്‍ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. കെട്ടിട ഉടമകളയും പിന്നീട് കൈയേറ്റം ബോധ്യപ്പെടുത്തി. കനത്ത മഴയും ഓണം-ബക്രീദ് ആഘോഷങ്ങളും കാരണം ഇവ കഴിഞ്ഞുമതി പൊളിച്ചുമാറ്റല്‍ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സപ്തംബര്‍ ഒന്നുമുതല്‍ ഏഴുവരെയാണു കെട്ടിട ഉടമകള്‍ക്ക് സ്വമേധയാ പൊളിച്ച് മാറ്റാന്‍ അധികൃതര്‍ സമയപരിധി നല്‍കിയിരുന്നത്. ഇരിട്ടി പാലം മുതല്‍ പയഞ്ചേരിമുക്ക് വരെ നീളുന്ന ഇരിട്ടി ടൗണിലെ നിരവധി കെട്ടിടങ്ങളുടെ മുന്‍ഭാഗം റവന്യൂ ഭൂമി കൈയേറി അനധികൃതമായാണ് നിര്‍മിച്ചതെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നത്. ഇതില്‍ മേലേ സ്റ്റാന്റിലെ കെട്ടിട ഭാഗങ്ങളാണ് ഉടമകള്‍ സ്വയം പൊളിച്ചുനീക്കാന്‍ തുടങ്ങിയത്.ഇരിട്ടി ടൗണിലെ റവന്യൂഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ നടത്തിയ കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കുന്നു

RELATED STORIES

Share it
Top