ഇരിട്ടി കീഴൂര്‍കുന്നിലെ സര്‍വീസ് സ്റ്റേഷനില്‍ കവര്‍ച്ച

ഇരിട്ടി: കീഴൂര്‍ കുന്നിലെ ടാറ്റാ മോട്ടോഴ്‌സിന്റെ സര്‍വീസ് സ്റ്റേഷനില്‍ മോഷണം. ഓഫിസിനുള്ളില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപും 40,000ത്തോളം രൂപയും കവര്‍ന്നു. സ്ഥാപനത്തിനകത്തെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരിട്ടി എസ്‌ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇരിട്ടി കീഴൂര്‍ കുന്നില്‍ പായം സ്വദേശി വി എന്‍ ബാബുവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റാ മോട്ടോഴ്‌സിന്റെ സ്റ്റാര്‍ പ്ലസ് മോട്ടോഴ്‌സിലാണ് ശനിയാഴ്ച രാത്രി 11 ഓടെ മോഷണം നടന്നത്.
ഇന്നലെ അവധിയായതിനാ ല്‍ കഴിഞ്ഞ ദിവസം ഇവിടെ സര്‍വീസിനെത്തിയ ഒരു വാഹനം കൊടുക്കാനായി രാവിലെ 11ഓടെ ബാബു സ്ഥാപനത്തി ല്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ഇരിട്ടി പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഇതിനകത്ത് തിരയുന്നതും മറ്റും സ്ഥാപനത്തിനുള്ളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിന്റെ തോളില്‍ ഒരു ബാഗ് തൂങ്ങിക്കിടക്കുന്നതായി ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും മുഖം വ്യക്തമല്ല. 50വയസ്സിനു താഴെപ്രായം തോന്നിക്കുന്നയാള്‍ പാന്റ്‌സും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.
ലാപ്‌ടോപും 40,000 രൂപയോളം മോഷണം പോയതായും ബാബു പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും മോഷണം പോയിട്ടുണ്ടോയെന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്നും ബാബു പറഞ്ഞു.
തെളിവ് നശിക്കുന്നതിനാല്‍ അകത്തുകടക്കുന്നത് പോലിസ് വിലക്കിയിരിക്കയാണ്. ഒരാള്‍ മാത്രമേ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുള്ളൂ. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചും ഫോറന്‍സിക് പരിശോധന നടത്തിയും മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top