ഇരിട്ടിയില്‍ ബസ് കുഴിയിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്ഇരിട്ടി: ഇരിട്ടിക്കടുത്ത കല്ലുംമുട്ടിയില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്കു മറിഞ്ഞ് നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് സംഭവം. ഇരിട്ടിയില്‍നിന്ന് ചരളിലേക്ക് പോവുകയായിരുന്ന റോമിയോ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇരിട്ടി പോലിസ് സ്‌റ്റേഷന്‍ കഴിഞ്ഞുള്ള വളവിലെ കല്‍വെര്‍ട്ട് തകര്‍ത്ത് കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലിസും അഗ്നിശമന വിഭാഗവും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ബസ്സിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയ ആബുലന്‍സിലും മറ്റു സ്വകാര്യ വാഹനങ്ങളിലും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരുമായി വരുന്ന വാഹനങ്ങള്‍ക്ക് സുഗമായ യാത്രയ്ക്കുവേണ്ടി നഗരത്തില്‍ നാട്ടുകാരും പോലിസും ചേര്‍ന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പരിക്കേറ്റര്‍ക്ക് ആദ്യം ഇരിട്ടിയിലെ അമല ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് കണ്ണൂര്‍, തലശ്ശേരി, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് മാറ്റി. ജോഷി ചരള്‍, ഗീത, റീജ, ഷെല്‍ന വള്ളിത്തോട്, ഒമാന വാണിയപ്പാറ, ജോജി, ശിവദാസന്‍ ആനപ്പന്തി, ശാലീന, രാജു, വിജയന്‍, ശ്രീഷ്മ മാടത്തില്‍, ബീന, ബിജിലാല്‍ വാണിയപ്പാറ, പവിത്രന്‍, മത്തായി, ഉഷ കുന്നോത്ത്, ചിഞ്ചു, ജെസി, അമല്‍, ജോസഫ്് അങ്ങാടിക്കടവ്, ആലീന മുടയരഞ്ഞി, സിസ്റ്റര്‍ ലിസ്ബിന്‍, സന്ധ്യ കുന്നോത്ത്, ഓമന വാണിയപ്പാറ, ബെനീറ്റ, ഹര്‍ഷിത്, ടിന്റു, ശ്രീജ കേളന്‍പീടിക, ബിന്‍സി വാഴയില്‍, സജി രണ്ടാംകടവ് തുടങ്ങിയവര്‍ക്കാണു പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റവരെ എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ഖജാഞ്ചി എ ഫൈസല്‍ എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top