ഇരിട്ടിയില്‍ ട്രിപ്പ് മുടക്കുന്ന ബസ്സുകള്‍ക്കെതിരേ കര്‍ശന നടപടി

ഇരിട്ടി: വിദ്യാര്‍ഥികളും ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരെ പെരുവഴിയിലാക്കി ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ അകാരണമായി ട്രിപ്പുമുടക്കുന്ന ബസ്സുകള്‍ക്കെതിരേ നടപടി ശക്തമാക്കി ഇരിട്ടി പോലിസ്. മേഖലകളിലെ നിരവധി പ്രദേശങ്ങളിലെ ഉള്‍നാടുകളില്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസ്സുകളാണ് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അകാരണമായി സര്‍വീസ് മുടക്കുന്നത്.
തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് ഭാഗങ്ങളിലേക്കും ഇരിട്ടിക്കു സമീപമുള്ള ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് ഇരിട്ടിയിലെത്തിയ ശേഷം ഉള്‍നാടുകളിലേക്കു പോവാതെ നിരന്തരം സര്‍വീസ് മുടക്കുന്നതെന്ന വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയുമായി ഇരിട്ടി പോലിസ് രംഗത്തെത്തിയത്. അകാരണ ട്രിപ്പുമുടക്കം കാരണം ഒരു ബസ് മാത്രം സര്‍വീസ് നടത്തുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നതിനാല്‍ ഓട്ടോയുള്‍പ്പെടെ ടാക്‌സി വാഹനങ്ങള്‍ക്ക് വന്‍തുക നല്‍കിയാണ് ഇരിട്ടിയിലെത്തുന്നത്.
റോഡ് തകര്‍ച്ചയുടെയും കലക്്ഷന്‍ വരുമാനക്കുറവും പറഞ്ഞാണ് മിക്കവരും സര്‍വീസ് വെട്ടിച്ചുരുക്കുന്നത്. എന്നാല്‍ സ്വകാര്യ ബസ്സുകളുടെ ട്രിപ്പ് മുടക്കവും ജനങ്ങളുടെ യാത്രാദുരിതവും വര്‍ധിച്ചതോടെയാണ് പോലിസ് നടപടിക്കിറങ്ങിയത്. സമയക്രമം പാലിക്കുന്നതിനും ട്രിപ്പ് മുടക്കം തടയുന്നതിനും ഇരിട്ടി, കീഴ്പ്പള്ളി, കൂട്ടുപുഴ, ആറളം ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ഇരിട്ടി പോലിസ് സ്‌റ്റേഷനിലും മറ്റു ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ഇരിട്ടി പുതിയ ബസ് സ്റ്റാന്റിലെ പോലിസ് എയ്ഡ് പോസ്റ്റിലെ രജിസ്റ്ററിലും ദിവസേന ഒപ്പിടുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിബന്ധന പാലിക്കാത്തവര്‍ക്കും നിരന്തരം ട്രിപ്പ് മുടക്കുന്ന ബസ്സുടമകള്‍ക്കെതിരേ അവശ്യ സര്‍വീസ് നിയമപ്രകാരം കേസെടുത്ത് പിഴയുള്‍പ്പെടെ ചുമത്താനാണ് പോലിസ് നീക്കം. പോലിസ് നിര്‍ദേശം പാലിക്കാതെ തുടര്‍ച്ചയായി ട്രിപ്പ് മുടക്കിയ 20ഓളം ബസ്സുകള്‍ക്കെതിരേ ഇതിനകം പോലിസ് നടപടിയെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും നടപടി ശക്തമാക്കുമെന്ന് ഇരിട്ടി പോലിസ് സബ് ഇന്‍സ്‌പെക്്ടര്‍ പി എം സുനില്‍കുമാര്‍ അറിയിച്ചു.

RELATED STORIES

Share it
Top