ഇരിട്ടിയില്‍ ജോയിന്റ് ആര്‍ടി ഓഫിസ് ആഗസ്തില്‍

ഇരിട്ടി: പുതുതായി രൂപീകരിച്ച ഇരിട്ടി താലൂക്കിന് അനുവദിച്ച ജോയിന്റ് ആര്‍ടിഓഫിസ് ആഗസ്തില്‍ പ്രവര്‍ത്തനക്ഷമമാവും. ഇരിട്ടി നേരംപോക്കിലെ ഫല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തിലാണ് ഓഫിസിനായി താല്‍ക്കാലിക സൗകര്യം ഒരുക്കുന്നത്.
നിര്‍മാണ പ്രവൃത്തികള്‍ നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡോ. പി എം മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിലയിരുത്തി. ആഗസ്ത് ആദ്യവാരം തന്നെ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇരിട്ടി താലൂക്ക് പൂര്‍ണമായും തളിപ്പറമ്പ് ആര്‍ടി ഓഫിസിന്റെ ഭാഗമായ പടിയൂര്‍, ഉളിക്കല്‍ പഞ്ചായത്തുകളും ഇരിട്ടി ആര്‍ടി ഓഫിസിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇരിട്ടി താലൂക്കിനൊപ്പം മറ്റു സ്ഥലങ്ങളില്‍ അനുവദിച്ച ആര്‍ടി ഓഫിസുകള്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രവര്‍ത്തനക്ഷമമായിരുന്നു. ഇരിട്ടി ഓഫിസിനായി ജോയിന്റ് ആര്‍ടിഒയെയും മറ്റു ജീവനക്കാരെയും നിയമിച്ചെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിലുണ്ടായ കാലതാമസമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കൂടാതെ താലൂക്ക് ആസ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കവും വിനയായി. ഇരിട്ടി ഓഫിസ് യാഥാര്‍ഥ്യമാവുന്നതോടെ മലയോരത്തുനിന്ന് 50 കിലോമീറ്ററിലധികം സഞ്ചരിച്ച് തലശ്ശേരിയിലും തളിപ്പറമ്പിലും പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാകും. മേഖലയില്‍ റോഡ് സുരക്ഷാ കാര്യങ്ങള്‍ ശക്തിപ്പെടുത്താനും നടപടിയുണ്ടാവും. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കൊപ്പം ജോയിന്റ് ആര്‍ടിഒ എ കെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂരജ് മൂര്‍ക്കോത്ത് എന്നിവരും ഉണ്ടായിരുന്നു.

RELATED STORIES

Share it
Top