ഇരിട്ടിയിലെ കൈയേറ്റം കണ്ടെത്താനുള്ള സംയുക്ത സര്‍വേ നീളും

ഇരിട്ടി: തലശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ റവന്യൂ വകുപ്പിന്റെയും കെഎസ്ടിപിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച സംയുക്ത സര്‍വേ ഒരാഴ്ചകൂടി നീളും. മൂന്നു ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വേ ആരംഭിച്ചതെങ്കിലും അഞ്ചു പ്രവൃത്തിദിനങ്ങള്‍ കൂടി ലഭിച്ചാലേ കൈയേറ്റങ്ങള്‍ അടയാളപ്പെടുത്താന്‍ പറ്റുന്ന രീതിയിലേക്കെത്തൂ.
നഗരത്തിന്റെ പുറംമേഖലകളില്‍ കാടുപിടിച്ചതുംമണ്ണിനടിയിലായതുമായ സര്‍വേ കല്ലുകള്‍ കണ്ടെത്താനുള്ള കാലതാമസമാണ് പ്രതിസന്ധി സൃഷ്്ടിക്കുന്നത്. എത്ര കാലതാമസം വന്നാലും പിഴവില്ലാത്ത വിധം കൃത്യമായി സര്‍വേ നടത്തി രേഖാചിത്രം തയ്യാറാക്കണമെന്നാണ് സര്‍വേ സംഘത്തിന് ലഭിച്ച നിര്‍ദേശം. നഗരത്തില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച കെട്ടിടഭാഗങ്ങള്‍ പൊളിച്ചുമാറ്റുന്നതിനാണ് റവന്യൂ വകുപ്പിന്റെയും കെഎസ്ടിപിയുടെയും നേതൃത്വത്തില്‍ 12 അംഗ സംഘം സര്‍വേ നടത്തുന്നത്. നേരത്തെയുള്ള തീരുമാനപ്രകാരം ഇന്നലെ കൈയേറ്റങ്ങള്‍ അടയാളപ്പെടുത്തുമെന്നായിരുന്നു അറിയിപ്പ്. സര്‍വേ തീരാത്തതിനാല്‍ 25ന് അടയാളപ്പെടുത്തല്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. കൈയേറ്റം കണ്ടെത്തി പൊളിച്ചശേഷം മാത്രമേ നഗരത്തിലെ റോഡ് വികസനം നടത്താനാവൂ. ആദ്യഘട്ടത്തില്‍ ഇപ്പോള്‍ റോഡ്‌നിര്‍മാണം നടക്കുന്ന നഗരമേഖലയിലെ കൈയേറ്റം മാത്രം സര്‍വേ നടത്തി കണ്ടെത്താനായിരുന്നു തീരുമാനം. മേലില്‍ തര്‍ക്കം ഉണ്ടാവാതിരിക്കാന്‍ നഗരമേഖല പൂര്‍ണമായി (പയഞ്ചേരി മുതല്‍ മേലേ സ്റ്റാന്റ് വരെ) സര്‍വേ പൂര്‍ത്തിയാക്കിയാണ് കൈയേറ്റങ്ങള്‍ അടയാളപ്പെടുത്തുക.

RELATED STORIES

Share it
Top