ഇരിട്ടിയിലും പോലിസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം

ഇരിട്ടി: ഹര്‍ത്താല്‍ അനുകൂലികളും പോലിസും തമ്മില്‍ ഇരിട്ടിയില്‍ സംഘര്‍ഷം. എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്. ബലമായി കടകള്‍ പൂട്ടിക്കാന്‍ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് മുന്നുപേരെ അറസ്റ്റ് ചെയ്തു. കീഴൂര്‍ സ്വദേശികളായ മുഹമ്മദ് ജിഷാദ്(23), കെ വി ഷിഹാബുദ്ദീന്‍ (27), പയഞ്ചേരിയിലെ കെ റാഷിദ്(20) എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്തയാളെ പോലിസ് വാഹനത്തിലേക്ക് കയറ്റുന്നത് തടഞ്ഞ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയും കേസെടുത്തു. മണിക്കൂറുകളോളം
സംഘര്‍ഷാവസ്ഥയിലായിരുന്നു നഗരം. ഒരു സംഘടനയുടെയും പിന്‍ബലമില്ലാത്ത ഹര്‍ത്താല്‍ ആഹ്വാനമായതിനാല്‍ മിക്ക വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിനിടെയാണ് രാവിലെ എട്ടോടെ പത്തോളം പേരടങ്ങുന്ന സംഘം വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിക്കാനെത്തിയത്. ഏതു സംഘടനയുടെ പേരിലാണ് ഹര്‍ത്താലെന്ന മറുചോദ്യവുമായി വ്യാപാരികളും രംഗത്തെത്തിയതോടെ പ്രശ്‌നം തുടങ്ങി. സ്ഥലത്തെത്തിയ പോലിസ് ഹര്‍ത്താല്‍ അനുകൂലികളില്‍ ഒരാളെ പിടികൂടിയതോടെ മറ്റുള്ളവര്‍ ചിതറിയോടി. ബലമായി കട പൂട്ടിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും പൂട്ടുന്നവര്‍ സ്വമേധയാ പൂട്ടിക്കോട്ടെ എന്ന നിലപാടിലായിരുന്നു പോലിസ്. തര്‍ക്കത്തിനിടയില്‍ മറ്റൊരു സംഘം കടപൂട്ടിക്കാന്‍ ശ്രമിച്ചതോടെ പോലിസ് നാലുപേരെ പിടികൂടി വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചു.
ഒരാളെ ബലമായി മോചിപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ശ്രമം സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെയാണ് എസ്‌ഐ സഞ്ജയ്കുമാറിന് പരിക്കേറ്റത്. ഇതോടെ തുറന്ന കടകളില്‍ ഭൂരിഭാഗവും പൂട്ടി. സിഐ എം ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസെത്തി. ഉച്ചയോടെ മുഴുവന്‍ കടകളും പൂട്ടുകയും ഗതാഗതം ഭാഗികമായി മുടങ്ങുകയും ചെയ്തു. പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ കേസെടുത്തത്. ഹര്‍ത്താലിനെതിരേ ഇരിട്ടിയില്‍ സംയുക്ത വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മലയോരത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ പൂട്ടിച്ചു. കാവുംപടിയിലും 19ാം മൈലിലും വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. പേരാവൂര്‍, ഉളിക്കല്‍, കാക്കയങ്ങാട് എന്നിവിടങ്ങളി ല്‍ നിന്നു 10ഓളം ഹര്‍ത്താല്‍ അനുകൂലികളെ പോലിസ് കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top